22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കശുമാങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ആറളം ഫാം………
Iritty

കശുമാങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ആറളം ഫാം………

ഇരിട്ടി: പാഴായിപ്പോകുന്ന ടൺ കണക്കിന്‌ കശുമാങ്ങയിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ ലഭ്യമാക്കി ആറളം ഫാം. ജാം, അച്ചാർ, സ്‌ക്വാഷ് എന്നിവയാണ് ആറളം ബ്രാൻഡിൽ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഇവ വിപണിയിൽ ഇറക്കുന്നതിന്റെ ഉദ്‌ഘാടനം ആറളം ഫാം ഓഫീസിൽ നടന്നു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന കൃഷി അഡീഷണൽ ഡയറക്ടർ ഡോ. ടി.വി.രാജേന്ദ്രൻ റെയിഡ്‌കോ ചെയർമാൻ വത്സൻ പാനോളിക്ക് ഉൽപന്നങ്ങൾ നൽകി വിപണനം ഉദ്ഘാടനം നടത്തി.
പൈലറ്റ് പദ്ധതിയെന്ന നിലയിൽ 5 ലക്ഷം രൂപയുടെ വിപണിയാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കശുവണ്ടി കർഷകരുടെ മുന്നിൽ വലിയ സാധ്യത കൂടി തുറന്നിട്ടാണ് ഫാമിന്റെ പരീക്ഷണം. ആറളം ഫാമിൽ മാത്രം 800 ടണ്ണോളം കശുമാങ്ങാണ് പാഴായി പോകുന്നത്. അടുത്ത വർഷം ഇതിന്റെ മൂന്നിലൊന്നെങ്കിലും മൂല്യവർധിത ഉൽപന്നങ്ങളാക്കാനാണ് ലക്ഷ്യം. ജീവനക്കാരും ജോലിക്കാരും അടങ്ങുന്ന 25 അംഗ സംഘത്തിന് 2 ഘട്ടങ്ങളിലായി പരിശീലനം നൽകിയാണ് പദ്ധതിയുടെ നിർവഹണം. ജാമും സ്‌ക്വാഷും പഴുത്ത കശുമാങ്ങയിൽ നിന്നാണ് ഉണ്ടാക്കുന്നതെങ്കിൽ അധികം പഴുപ്പെത്താത്ത കശുമാങ്ങയിൽ നിന്നാണ് അച്ചാർ ഉണ്ടാക്കുന്നത്. 250 മില്ലീ ലീറ്റർ ജാമിന് 120 രൂപ, അച്ചാറിന് 60 രൂപ, അര ലിറ്ററിന്റെ സ്‌ക്വാഷിന് 120 രൂപ എന്നിങ്ങനെയാണ് വില. അര ലിറ്ററർ സ്‌ക്വഷിൽ നിന്ന് 35 ഗ്ലാസ് ശീതള പാനീയം ഉണ്ടാക്കാനാവും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ഉദ്‌ഘാടനച്ചടങ്ങിൽ ആറളം ഫാം മാനേജിങ്ങ് ഡയറക്ടർ എസ്. ബിമൽഘോഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ രാംദാസ്, റെയിഡ്‌കോ എംഡി സി.പി. മനോജ് കുമാർ, ഡയറക്ടർ പി. കോമള ലഷ്മണൻ, ഫാം മാർക്കറ്റിങ് ഓഫിസർ ആർ. ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ കെ.ആർ. പ്രസന്നൻ നായർ, സൂപ്രണ്ട് വി.പി. മോഹൻദാസ്, ആറളം കൃഷി ഓഫിസർ കെ.ആർ. കോകില, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ്, ട്രേഡ് യൂണിയൻ പ്രതിനിധികളായ ആന്റണി ജേക്കബ്‌, പി.കെ. രാമചന്ദ്രൻ, ഷാജു അലക്‌സാണ്ടർ, പ്രൊജക്ട് അസിസ്റ്റന്റ് പി.ആർ. രാജലക്ഷ്മി, എം.എസ്. പ്രണവ് എന്നിവർ പങ്കെടുത്തു.
ഏറെക്കാലമായി നഷ്ടത്തിലായ ആറളം ഫാമിനെ വൈവിധ്യ വൽക്കരണത്തിലൂടെ കരകയറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കശുമാങ്ങയിൽ നിന്ന് മൂല്യ വർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതും. ജാമും അച്ചാറും സ്‌ക്വാഷും ഫാം സെൻട്ര്ൽ നേഴ്‌സറി, ഫാമിന്റെ ഇരിട്ടി പയഞ്ചേരിമുക്കിലെ തണൽ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ – 09495792679, 04902444740.
ആറളം ഫാമിൽ കശുമാങ്ങയിൽ നിന്നുണ്ടാക്കിയ മൂല്യ വർധിത ഉൽപന്നങ്ങൾ അടക്കം റെയിഡ്‌കോ വഴി വിപണനം നടത്താൻ തയ്യാറാണെന്ന് ചെയർമാൻ വൽസൻ പനോളി അറിയിച്ചു. സംസ്ഥാനത്ത് ഉടനീളമായി റെയിഡ്‌കോയ്ക്ക് 37 ശാഖകളും 60 വിതരണക്കാരും ഉണ്ട്. ഇതുവഴി ഫാമിൽ ഉൽപാദിപ്പിക്കുന്ന വിത്തുകളും നടീൽ വസ്തുക്കളും വിൽക്കാനാകും. ജൈവ വളവും മസാലക്കൂട്ടുകൾക്ക് ആവശ്യമായ സുഗന്ധ വ്യജ്ഞനങ്ങളും നൽകിയാൽ ഏറ്റെടുത്ത് വിപണനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. .
അടുത്ത സീസണിൽ ഫാമിൽ 300 ടൺ മഞ്ഞൾ ഉൽപാദിപ്പിക്കും. ഉണക്കി പോളീഷ് ചെയ്ത മഞ്ഞൾ മാർക്കറ്റ് വിലയ്ക്ക് ഏറ്റെടുക്കുന്നതിന് റെയിഡ്‌കോയുമായി ധാരണയായതിന്റെ വെളിച്ചത്തിലാണ് തീരുമാനം. നടുന്നതിനാവശ്യമായ 25 മെട്രിക് ടൺ വിത്ത് ഇന്ത്യൻ സുഗന്ധ വിള ഗവേഷണ കേന്ദ്രം സൗജന്യമായി നൽകുമെന്നും ആറളം ഫാം എം ഡി എസ്. ബിമൽ ഘോഷ് അറിയിച്ചു.

Related posts

ഗ്രന്ഥശാല ഭാരവാഹികളുടെയും ലൈബ്രേറിയന്മാരുടെയും സംഗമവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് അനുവദിച്ച 17 ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

Aswathi Kottiyoor

വൈശാഖ മഹോത്സവം നെയ്യമൃത് വ്രതക്കാർ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ചു

Aswathi Kottiyoor

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​കം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox