സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുകപരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ഓണ്‍ലൈനില്‍ ലഭിക്കും. സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കേരളവും ഇപ്പോള്‍ നടപ്പിലാക്കുന്നത്.
അതേസമയം അമിതമായി പുക പുറത്തു വിടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 15 മുതല്‍ 30 വരെ ഇതിനായി പ്രത്യേക പരിശോധന നടത്താനാണ് നീക്കം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ അറിയിപ്പ്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. വാഹനത്തില്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ നല്‍കാമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും പരിശോധന ദിവസം മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.