ചങ്ങനാശേരി: മുൻ മന്ത്രിയും ചങ്ങനാശേരി മുൻഎംഎൽഎയും നഗരസഭ മുൻ ചെയർമാനുമായിരുന്ന വാഴപ്പള്ളി കല്ലുകളം കെ.ജെ. ചാക്കോ(91) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി സെമിത്തേരിയിൽ നടക്കും.
വാർധക്യസഹജമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നു രാവിലെ 6.30നായിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
1965, 1970, 1977 വർഷങ്ങളിൽ മൂന്നുതവണ ചങ്ങനാശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ.ചാക്കോ 1979 ൽ ചുരുങ്ങിയ ദിവസങ്ങളിൽ സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയിൽ എക്സൈസ്, ട്രാൻസ്പോർട്ട് മന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളകോണ്ഗ്രസ് സ്ഥാനാർഥിയായാണ് കെ.ജെ. ചാക്കോ നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചത്. മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പെസഹാ വ്യാഴം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത്.
ചങ്ങനാശേരി എസ്ബി കോളജിൽ നിന്നും ബിഎയും എറണാകുളം ലോകോളജിൽ നിന്ന് നിയമബിരുദവും നേടിയ ഇദ്ദേഹം 1962ൽ ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രഗത്ഭനായ ഒരു അഭിഭാഷകനെന്ന നിലയിലും കെ.ജെ.ചാക്കോ അറിയപ്പെട്ടു.
മിൽമ ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, ഇൻഷുറൻസ് കമ്മിറ്റി മെംബർ, പെറ്റീഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ നിയമസഭാകമ്മിറ്റികളിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 1984മുതൽ ഇതുവരെ വാഴപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായും 34 വർഷക്കാലം തുടർച്ചയായി ബാങ്കിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.
ഭാര്യ ത്രേസ്യാക്കുട്ടി ചേർത്തല തൈക്കാട്ടുശേരി പറന്പത്തറ കുടുംബാംഗം (റിട്ട.അധ്യാപിക). മക്കൾ: ഡെയ്സി(യുഎസ്എ), ജോയി(യുഎസ്എ), ലിസി(സയന്റിസ്റ്റ് ബിഎആർസി), ആൻസി. മരുമക്കൾ: മാത്യൂ തോമസ് മൂങ്ങാമുക്കിൽ എറണാകുളം), ജൂബി ചാക്കോ ശങ്കൂരിക്കൽ (തിരുവനന്തപുരം), പയസ് തളികനേഴത്ത്), റ്റോണി കണ്ണന്താനം (എറണാകുളം).