24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെന്നും ഉറപ്പാക്കണം.

വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തില്‍ തയാറാക്കിയതാണെങ്കില്‍ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വ്യക്തി ശുചിത്വം ഏറെ പ്രധാനം

കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, കോളറ, വയറിളക്കരോഗങ്ങള്‍ എന്നിവ തടയുന്നതിന് ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും മലവിസര്‍ജ്ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.

കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കിണറുകളുടെയും മറ്റ് ജലസ്രോതസുകളുടെയും പരിസരം മലിനമാകാതെ സംരക്ഷിക്കണം. മഴക്കാലത്തോടനുബന്ധിച്ചും കൃത്യമായ ഇടവേളകളിലും കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുക. മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

പാനീയ ചികിത്സ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കുവാന്‍ കഴിയും. പാനീയ ചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുവാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ വീട്ടില്‍ തയാറാക്കാവുന്ന പാനീയങ്ങള്‍ നിര്‍ജ്ജലീകരണം തടയുവാനായി നല്‍കാം.

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കുവാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കാവുന്നതാണ്. എന്നാല്‍ നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്

Related posts

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം മി​ക​ച്ച​ത്; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌

Aswathi Kottiyoor
WordPress Image Lightbox