സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷാ അഥോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാ അവകാശമാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഫണ്ട് അഥോറിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്കിയ പൊതുതാത്പര്യ ഹര്‍ജികളിലാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനം വേണം. ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. അപകടത്തിനിരയാവുന്നവര്‍ക്ക് സഹായം നല്കുന്നതിനു റോഡ് സുരക്ഷാ അഥോറിറ്റി ഇടപെടണം. റോഡ് സുരക്ഷാ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം.
റോഡില്‍ അപകടകരമായി സ്ഥാപിച്ച തൂണുകളും മറ്റും മൂന്നു മാസത്തിനകം നീക്കംചെയ്യണം. സമീപത്തെ ഭൂമിയില്‍നിന്നു റോഡുകളിലേക്കു തള്ളിനില്ക്കുന്ന മരക്കൊമ്പുകള്‍ ഉള്‍പ്പെടെ നീക്കണം. റോഡരികില്‍ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം മാറ്റണം. റോഡ് വികസനത്തിനു വിട്ടുനല്‍കാമെന്നു പറഞ്ഞ ഭൂമി നാലു മാസത്തിനകം ഏറ്റെടുക്കണം. സറണ്ടര്‍ ചെയ്യാത്ത ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നടപടികള്‍ സ്വീകരിക്കാനാകുമെന്നും കോടതി പറഞ്ഞു.