തെരഞ്ഞെടുപ്പിന്റെ തലേന്ന് ഡ്രൈഡേ ദിനത്തിൽ 45 കുപ്പി
(22.500 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് സംഘം പിടികൂടി. 2021 നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പാൽച്ചുരം പുതിയങ്ങാടി അംഗൻവാടിക്കു സമീപം നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചു വച്ച നിലയിൽ മദ്യ ശേഖരം പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എംപി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
പാൽച്ചുരം സ്വദേശി പുളിയംമാക്കൽ വീട്ടിൽ പാച്ചൻ @ വിനോയ് പി.കെ, (45/2021) ആണ് മദ്യ ശേഖരം സഹിതം അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിൽ മാരുതി ഓമ്നി വാനിൽ 45 ലിറ്റർ മദ്യം കടത്തുന്നതിനിടെ വിനോയിയെ ഒരു സഹായിക്കൊപ്പം പേരാവൂർ എക്സൈസ് പിടികൂടിയിരുന്നു. ആ കേസിൽ എക്സൈസ് വകുപ്പ് വാഹനം പിടിച്ചെടുത്തതിനാൽ പലതവണകളായി മദ്യം കടത്തികൊണ്ടു വന്ന് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ ചൊവ്വാഴ്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എംപി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ഇസി ദിനേശൻ , സിവിൽ എക്സൈസ് ഓഫീസർ സിഎം ജയിംസ് എന്നിവർ പങ്കെടുത്തു.