കൊച്ചി: ചൈനയേയും യു എസിനെയും പിന്തള്ളി കോവിഡിനിടയിലും ഡിജിറ്റൽ ഇടപാടുകളിൽ മുന്നിലെത്തി ഇന്ത്യ. 2020-ൽ 2,550 കോടി ഡിജിറ്റൽ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളതെന്ന് യു.കെ.
ആസ്ഥാനമായി പ്രവർത്തിക്കുന്ന പെയ്മെന്റ് സിസ്റ്റം കമ്പനിയായ എ.സി.ഐ വേൾഡ് വൈഡിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1570 കോടി ഓൺലൈൻ ഇടപാടുകൾ രേഖപ്പെടുത്തി
ചൈനയും 600 കോടി ഓൺലൈൻ ഇടപാടുകളുമായി ദക്ഷിണകൊറിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ 120 കോടി ഇടപാടുകളുമായി ഒമ്പതാം സ്ഥാനത്താണ് യു.എസ്. ഡിജിറ്റൽ ഇടപാടുകളിൽ മുന്നേറ്റം ഉണ്ടായെങ്കിലും 61.4 ശതമാനം ഇടപാടുകളും ഇപ്പോഴും പേപ്പർ അധിഷ്ഠിതമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇൻസ്റ്റന്റ്, ഇലക്ട്രോണിക് ഇടപാടുകളുടെ വിഹിതം യഥാക്രമം 15.6 ശതമാനവും 22.9 ശതമാനവുമാണ്. എന്നാൽ 2025-ഓടെ ഇൻസ്റ്റന്റ്,ഇലക്ട്രോണിക് ഇടപാടുകളുടെ വിഹിതം 37.1 ശതമാനം, 34.6 ശതമാനം എന്നിങ്ങനെയായി ഉയരുകയും പേപ്പർ അധിഷ്ഠിത ഇടപാടുകൾ 28.3 ശതമാനം ആയി ചുരുങ്ങും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
previous post