രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം കടന്ന് പോസിറ്റീവ് കേസുകൾ. 478 മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് രൂക്ഷമായ മഹരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ്, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി.
മഹാരാഷ്ട്രയിൽ ഇന്നലെ 57,000ത്തിന് മേൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 222 പേർ മരണമടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.