യു.ഡി.എഫ് വികസന രേഖയിലാണ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഞ്ചരിക്കുന്ന എംഎൽഎ ഓഫിസ് എന്ന ശ്രദ്ധേയമായ വാഗ്ദാനം സതീശൻ പാച്ചേനി പ്രഖ്യാപിച്ചത്.കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശൻ പാച്ചേനി കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങളടങ്ങിയ വികസന രേഖ യുഡിഎഫ് പുറത്തിറക്കി.
കണ്ണൂരിനെ ലോകോത്തര പൈതൃക നഗര ശ്രേണിയിലേക്ക് ഉയര്‍ത്തുമെന്നും ഇതിനായി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി പ്രത്യേക പ്രൊജക്ട് ഗ്രൂപ്പ് രൂപീകരിക്കുമെന്നും വികസന രേഖയിൽ പറഞ്ഞിട്ടുണ്ട്. നഗര സൗന്ദര്യ വല്‍ക്കരണം, യുവ തലമുറക്ക് വിദഗ്ദ പരിശീലനത്തിന് ടാലന്റ് സെന്റര്‍, പി എസ് സി മല്‍സര പരീക്ഷ പരിശീലനത്തിന് പ്രത്യേക കേന്ദ്രം. സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് യുവതലമുറക്ക് തൊഴില്‍ സംരംഭങ്ങള്‍ക്ക് പദ്ധതിയും വികസന രേഖയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
രാജ്യത്ത് ആദ്യമായി സഞ്ചരിക്കുന്ന എം എല്‍എ ഓഫീസാണ് മുഖ്യമായ വാഗ്ദാനങ്ങളിലൊന്നായി സതീശന്‍ പാച്ചേനി നല്‍കുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പാര്‍ട്ടി ഓഫീസുകളിലോ ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും കത്തോ വാങ്ങി കാണാന്‍ പോകേണ്ട ആവശ്യമില്ല. പകരം എം എല്‍എ ജനങ്ങളുടെ പക്ഷത്തേക്ക് എത്തുന്ന സഞ്ചരിക്കുന്ന എം എല്‍എ ഓഫീസാണ് പാച്ചേനി വാഗ്ദനം ചെയ്തിരിക്കുന്നത്. ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ എം എല്‍എയുടെ ഓഫീസിന്റെ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് യുഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രവാസികളുടെ ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വ്യാപാരികളുടെ ക്ഷേമത്തിനും പൊതുവായ വികസനത്തിനും നൂതനമായ ആശയങ്ങളാണ് വികസന രേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതിയും , മുൻസിപ്പൽ സ്കൂൾ ലോകോത്തര നിലവാരത്തിൽ മാതൃകാ വിദ്യാലയമായി ഉയർത്തുമെന്നും . വിമന്‍സ് സ്‌കൂളില്‍ ജെ എന്‍ യു മാതൃകയില്‍ വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും നഗരത്തിന്റെ കുരുക്കഴിക്കാന്‍ കണ്ണൂര്‍ ബൈപാസും, ഫ്ലൈ ഓവറും അടിപ്പാതകളും ഉണ്ടാക്കുമെന്നും വാഗ്ദാനംചെയ്യുന്നുണ്ട്.
ടൂറിസം മേഖലയില്‍വൈവിദ്യമാര്‍ന്ന പദ്ധതികള്‍, കാലത്തിനൊപ്പം മാറുന്ന സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഒരുക്കും. ഭവനരഹിതരായ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഭവന പദ്ധതിയും. പട്ടിക ജാതി കുടുംബാംഗങ്ങള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം. സ്ത്രീകളുടെ ക്ഷേമത്തിന് വൈവിദ്യമാര്‍ന്ന പദ്ധതികള്‍, ആരോഗ്യമേഖല ലോകോത്തരമാക്കുന്നതിന് ടെലി മെഡിസിൻ സൗകര്യം ആശുപത്രികളിൽ, ഗ്രാമീണ മേഖലയിൽ എമർജൻസി കെയർ സെന്റർ സൗകര്യം, ജില്ലാ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്നതിന് അമൃതധാര പദ്ധതി നടപ്പിലാക്കുമെന്നുമുള്ള വാഗ്ദാനവും യുഡിഎഫ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
ജൈവ പച്ചക്കറി കൃഷിക്ക് ഹരിത കർമ്മസേനയും, 2000 കുടുംബങ്ങൾക്ക് ഡയറി യൂണിറ്റും , കക്കാട് പുഴ സംരക്ഷണത്തിന് പദ്ധതിയും ഉൾപ്പെടെ നാടിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുള്ള സമഗ്രവും നവീനവുമായ പദ്ധതികളാണ് വികസന രേഖയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
ഇന്നലെ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വെച്ച് കോര്‍പ്പറേഷന്‍ മേയറും കെപിസിസി നിര്‍വ്വാഹക സമിതി അംഗവുമായ അഡ്വ. ടി ഒ മോഹനന്‍ വികസന രേഖ പ്രകാശനം ചെയ്തു.
കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. താഹിർ ജനറല്‍ കണ്‍വീനർ കെ പ്രമോദ് തുടങ്ങിയവർ വികസന രേഖ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.