സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും അടക്കം ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളില്‍ അടുത്ത കോവിഡ് വ്യാപന തരംഗത്തിനുള്ള സാധ്യത ശക്തമാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അവിടെയെല്ലാം കേസുകള്‍ കൂടി വരികയാണ്. കേരളത്തില്‍ കേസുകള്‍ കുറഞ്ഞു വരികയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നമ്മളും സുരക്ഷിതരല്ലെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഇത്തരമൊരു സാഹചര്യം പരിഗണിച്ച് കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ച് ഉച്ചസ്ഥായിയിലെത്തുന്നത് ദീര്‍ഘിപ്പിച്ചതിനാലാണ് അടുത്ത തരംഗം ഉണ്ടാകുന്നതിന് മുമ്ബ് പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സാവകാശം കേരളത്തിന് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം വരാത്ത സംസ്ഥാനമാണ് കേരളം. കേരളം സ്വീകരിച്ച രോഗപ്രതിരോധ മാതൃക ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐസിഎംആറിന്റെ പഠനപ്രകാരം ശരാശരി 20 കേസുകള്‍ ഉണ്ടാകുമ്ബോഴാണ് ഒരു കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കര്‍ണാടകയില്‍ 30 കേസുകള്‍ക്ക് ഒന്ന് എന്ന തരത്തിലും, തമിഴ്നാട്ടില്‍ 24 കേസുകള്‍ക്ക് ഒന്ന് എന്ന തരത്തിലുമാണ്. അതേസമയം കേരളത്തില്‍ മൂന്നു കേസുകള്‍ ഉണ്ടാകുമ്ബോള്‍ തന്നെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലെ കേസ് റിപ്പോര്‍ട്ടിങ്ങിന്റെ ഈ സ്വഭാവം പരിഗണിച്ചാല്‍ രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇനിയും രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇത് ഗൗരവമായ മുന്നറിയിപ്പായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.