കേളകം: ആദിവാസി കോളനിയിലേക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന പെരുന്താനം കോളനി-ആനക്കുഴി റോഡ് സ്വകാര്യവ്യക്തി കൈയേറുന്നതായി പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
28 വർഷം മുന്പ് തർക്കം നിലനിന്നിരുന്ന റോഡിൽ നാട്ടുമധ്യസ്ഥ പ്രകാരം സർവേക്കല്ല് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും കഴിഞ്ഞദിവസം സ്വകാര്യവ്യക്തി സർവേക്കല്ല് പിഴുതുമാറ്റി റോഡിൽ സ്ഥാപിച്ചു.
കോളനിവാസികൾ അടക്കം ഏഴുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പത്തു വർഷത്തിലധികമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഫെബ്രുവരി 23ന് വില്ലേജ് ഓഫീസർക്കും കേളകം പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകി. കൈയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.ജെ. ചാക്കോ പുഞ്ചക്കുന്നേൽ, സ്കറിയ ഏബ്രഹാം പുളിച്ചമാക്കൽ എന്നിവർ പങ്കെടുത്തു.