അന്‍പതു കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ ഒന്നു മുതൽ ഇ ഇൻവോയ്സിംഗ് നിർബന്ധമാക്കി.
2020 ഒക്ടോബർ ഒന്നു മുതൽ 500 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്കും 2021 ജനുവരി ഒന്നു മുതൽ 100 കോടിക്കു മുകളിൽ വിറ്റുവരവുള്ള വ്യാപാരികൾക്കും ഇ ഇൻവോയ്സിംഗ് നിർബന്ധമാക്കിയിരുന്നു. ഇ-ഇൻവോയ്സിംഗ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്ക് മാത്രമല്ല , സേവനങ്ങൾക്കും ഇ-ഇൻവോയ്സ് നൽകണം.
വ്യാപാരി നൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾക്കും ഇ-ഇൻവോയ്സിംഗ് ബാധകമാണ്.
ഇ-ഇൻവോയ്സ് ബാധ്യതയുള്ള വ്യാപാരികൾ ചരക്കുനീക്കം നടത്തുന്നതിനു മുന്‍പു തന്നെ ഇ-ഇൻവോയ്സിംഗ് നടത്തണം. അതിനായി വ്യാപാരികൾ ജിഎസ്ടി കോമണ്‍ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇ ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലായ https://einvoice1.gst.g ov.in വഴിയോ ഇ-ഇൻവോയ്സ് രജിസ്ട്രേഷൻ എടുക്കണം.
ഇവേബിൽ പോർട്ടലിൽ രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്ക് ഇ വേബിൽ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഇ-ഇൻവോയ്സിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാവുന്നതാണ്.
എ.പി.ഐ ഇന്റഗ്രേഷൻ വഴിയോ ഓഫ്ലൈൻ ടൂൾ ഉപയോഗിച്ചോ വ്യാപാരികൾക്ക് ഇ ഇൻവോയിസിംഗ് നടത്താം.
ഇ-ഇൻവോയ്സിംഗ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നല്കുന്നില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജിഎസ്ടി ബാധകമല്ലാത്ത ചരക്കുകളുടെ കച്ചവടത്തിന് ഇ-ഇൻവോയിസിംഗ് ആവശ്യമില്ല.
സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിംഗ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ എന്നീ മേഖലകളെ ഇ ഇൻവോയ്സിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.