ഇരിട്ടി : പരരക്ഷക്കുവേണ്ടി സ്വായം രക്ഷ എന്ന സന്ദേശമുയർത്തി വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം സംഘടിപ്പിപ്പിക്കുന്ന ശാസ്ത്രീയ നീന്തൽ പരിശീലന ത്തിന്റെ ഉദ്‌ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം നിർവഹിച്ചു. 44 നദികളും അതിലേറെ ഉപ നദികളും കായലുകളും ഉള്ള കേരളത്തിലെ ജനങ്ങളിൽ നാലിൽ ഒരാൾക്ക് മാത്രമേ നീന്തൽ അറിയാവൂ എന്നത് ആശങ്കാ ജനകമാണെന്ന് ഡി വൈ എസ് പി പരിശീലനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടാൻ നീന്തൽ പഠിക്കുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നീന്തലിൽ ലോക റെക്കോർഡ് ജേതാവായ ജാൾസൺ ഏഴിമല നൽകുന്ന പരിശീലനത്തിലൂടെ കേരളത്തിൽ ഒട്ടേറെ നീന്തൽ താരങ്ങൾ ഉദയം ചെയ്യേട്ടേ എന്നും ഒരുമ റെസ്ക്യൂ ടീമിന്റെ ഈ പ്രവർത്തനം നാടിന് മാതൃകയാണെന്നും ഡി വൈ എസ് പി പറഞ്ഞു.
വള്ളിത്തോട് പുഴയിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് പരിശീലനം. മുൻ കൂട്ടി രജിസ്റ്റർ ചെയ്ത 40 വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത് . നീന്തലിൽ വൈദഗ്ദ്യം തെളിയിക്കുന്നത് വരെ പരിശീലനം തുടരുമെന്നും മറ്റും ജില്ല കളിൽ നിന്നും വരുന്നവർക്ക് താമസ സൗകര്യം നൽകുമെന്നും സംഘാടകർ അറിയിച്ചു.
പരിപാടിക്ക് ചീഫ് കോർഡിനേറ്റർ ഇബ്രാഹിം കുട്ടി വള്ളിത്തോട് സ്വാഗതം പറഞ്ഞു. ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷനായി. പരിശീലകൻ ചാൾസൺ ഏഴിമല, എൻ. അശോകൻ , ടോം മാത്യു, വി.പി. മധു, വനിതാ പരിശീലകരായ ഐറിൻ ജയിംസ്, സൗമ്യ സന്തോഷ്, ലൂസി വിനു, വാർഡ് മെമ്പർ മിനി പ്രസാദ്, കെ. ബാലകൃഷ്ണൻ. സിദ്ദീഖ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു. സി.എച്ച് . റാഫി , കെ. ഷംശുദ്ദീൻ , യു.എ. ഗഫൂർ , നിസാർ പല്ലിക്കാടൻ, സലാം പുളിയങ്ങോടൻ, നിസാം, ഷാഫി കുഞ്ഞിക്കണ്ടി, കെ.പി. ജബ്ബാർ , അബൂബക്കർ ചുങ്കത്ത്, മുസ്തഫ അയ്യപ്പത്തി, റഫീഖ്, നാസർ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.