കേളകം: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) സംഘടിപ്പിക്കുന്ന കർഷക പ്രതിരോധ സദസ് ഇന്നു വൈകുന്നേരം നാലിന് കേളകം ബസ്സ്റ്റാൻഡിൽ നടക്കും. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യും. മലയോരമേഖലയിൽ അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി തുടങ്ങിയവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ കർഷകന് അനുവാദം നൽകുക, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽനിന്ന് കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായി ഒഴിവാക്കുക, വനംവകുപ്പിന്റെ പ്രതികാരനടപടികളും കൈയേറ്റങ്ങളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കർഷക പ്രതിരോധ സദസ് നടത്തുന്നത്.
ചടങ്ങിൽ ചീങ്കണ്ണി പുഴയിൽ ചൂണ്ടയിട്ടതിനു വനംവകുപ്പ് കള്ളക്കേസിൽ കുടുക്കിയ പ്രിൻസ് പാലത്തിങ്കലിന് സ്വീകരണം നൽകും.
കൊട്ടിയൂർ ജനകീയ സംരക്ഷണസമിതി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ഒഐഒപി, ചീങ്കണ്ണിപ്പുഴ സംരക്ഷണ ജനകീയസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ, ജോർജ്, ഹൈക്കോടതി സീനിയർ അഡ്വക്കറ്റ് അലക്സ് എം. സ്കറിയ എന്നിവർ നിയമക്ലാസുകളെടുക്കും.
ഫാ. ബാബു മാപ്ലശേരി, ജോർജുകുട്ടി വാളുവെട്ടിക്കൽ, ജിജി മുക്കാട്ട് കാവുങ്കൽ, റോയി പൂവ്വത്തിൻമൂട്ടിൽ, ഷൈജൻ തടങ്ങഴി, സി.ഐ. ജോർജ്, സജു പാറശേരി എന്നിവർ പങ്കെടുക്കും.