ഇരിട്ടി: കർണ്ണാടക ഉപമുഖ്യമന്ത്രി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് പരിശോധനയ്ക്ക് ഇളവ് അനുവദിക്കുമെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ യാത്രികരെ തടഞ്ഞിട്ടു. കുടക് ജില്ലാ ഭരണകൂടം ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന നിലപാടിൽ മാറ്റം വരുത്തിയില്ല. ഇതോടെ നാലാം ദിനവും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ യാത്രക്കാർ കുടുങ്ങി. വ്യാഴാഴ്ച്ച രാവിലെ 15 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർ ടി സിയെ മണിക്കൂറുകളോളം ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടു. ബസ് ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് കാരണം. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി. എന്നാൽ യാത്രക്കാരും മറ്റും പ്രതിഷേധം ശക്തമാക്കിയതോടെ 11.30 തോടെ ബസ് കടത്തി വിട്ടു. നിരവധി ചരക്ക്, യാത്രാവാഹനങ്ങക്ക് പ്രവേശനാനുമതി നൽകിയില്ല.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്ക്കുന്നതിനാൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാതവരെ കടത്തി വിടില്ലെന്നാണ് ചെക്ക് പോസ്റ്റ് അധികൃതർ പറയുന്നത്. സ്ഥിര യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ഇളവ് അനുവദിക്കുമെന്ന് കർണ്ണാടക ഉപ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ അതിർത്തിയിലെ പരിശോധനയിൽ ഇളവ് അനുവദിക്കാഞ്ഞതിൽ പ്രതിഷേധിച്ച് ഓൾ കേരള സ്വതന്ത്ര ഡ്രൈവേഴ്‌സ് ആന്റ് ഓണേഴ്‌സ് അസോസിയേഷൻരെ നേതൃത്വത്തിൽ അനിശ്ചിത കാല വാഹന പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിയവർ കൂട്ടുപുഴയിൽ നിന്നും മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിന് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ചക്കരക്കൽ, സിറാജ് തലശ്ശേരി, മുസ്തഫ എച്ചൂർ എന്നിവർ നേതൃത്വം നൽകി.