മാനന്തവാടി ജില്ലാ ആശുപത്രിയിൽ താത്കാലികമായി പ്രവർത്തനം തുടങ്ങുന്ന വയനാട് സർക്കാർ മെഡിക്കൽ കോളജിനായി 140 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രിൻസിപ്പൽ ഉൾപ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകൾക്കുമാണ് അനുമതി നല്കിയത്.
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി പ്രവർത്തിക്കുന്നതിന് കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ജില്ലാ ആശുപത്രിക്കുസമീപം നിർമിച്ച മൂന്നുനില കെട്ടിടം അധ്യയന ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ആദ്യ വർഷ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകൾ സൃഷ്ടിച്ചത്.
പ്രിൻസിപ്പൽ, പ്രഫസർ -6 , അസോസിയേറ്റ് പ്രഫസർ -21, അസിസ്റ്റന്റ് പ്രഫസർ-28, സീനിയർ റസിഡന്റ്-27, ട്യൂട്ടർ/ ജൂനിയർ റസിഡന്റ്-32 എന്നിങ്ങനെയാണ് അധ്യാപക തസ്തികകൾ. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ ലാബ് അസിസ്റ്റന്റ്, സിഎ, സർജന്റ്, സ്വീപ്പർ തുടങ്ങിയവയുൾപ്പെടെയാണ് 25 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. വയനാട് ജില്ലയിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.