സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് മൂന്നിന്് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം നാല്, കൊല്ലം അഞ്ച്, പത്തനംതിട്ട മൂന്ന്, ആലപ്പുഴ പത്ത്, കോട്ടയം ഏഴ്, ഇടുക്കി എട്ട്, എറണാകുളം എട്ട്, തൃശൂർ അഞ്ച്, കോഴിക്കോട് എട്ട്, കണ്ണൂർ മൂന്ന്, കാസർഗോഡ് മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. മാറനല്ലൂർ, വിളവൂർക്കർ, പെരുമാതുറ, വേളി കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്നത്.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരിക്കുകയാണ്. അതിൽ 461 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
ജനങ്ങൾക്ക് പ്രാദേശിക തലത്തിൽ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുക്കും.
previous post