പാപ്പിനിശ്ശേരി: നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടോ എന്നറിയാൻ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വിജിലൻസിന്റെ വിദഗ്ധ സമിതി പരിശോധന നടത്തി. വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിജിലൻസിന്റെ എൻജിനീയർ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ വിദഗ്ധർ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.
ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിലെ കോൺക്രീറ്റ് സീലിങ് തകർന്നതിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ കണ്ണൂർ യൂണിറ്റിന് നിർദ്ദേശം നൽകിയിരുന്നു. പാലത്തിൽ നിന്ന് നിർമ്മാണ വസ്തുക്കളുടെ സാംപിളുകൾ വിദഗ്ധ സംഘം ശേഖരിച്ചു.
നിർമ്മാണത്തിൽ അപാകത ഉണ്ടായോ എന്ന് കണ്ടെത്താൻ ഇവ ലാബിൽ പരിശോധിക്കും. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ 21 കിലോമീറ്റർ റോഡ് നിർമ്മിച്ചതിന്റെ ഭാഗമായാണ് പാപ്പിനിശ്ശേരിയിൽ പാലം നിർമ്മിച്ചത്. വിവാദമായ പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്ട്സാണ് ഈ പാലവും നിർമ്മിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം തുടങ്ങിയ പാലം 2018 നവംബറിൽ മന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് അധികം വൈകാതെ പാലത്തിന്റെ സ്ലാബുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റ് പൊളിഞ്ഞ് കമ്പികൾ വെളിയിൽ വന്നു.
സിമന്റ് ഉപയോഗിച്ച് വിള്ളലടച്ചെങ്കിലും 6 മാസം മുൻപ് വീണ്ടും വിള്ളൽ കണ്ടെത്തി. പാലാരിവട്ടം കേസിൽ അറസ്റ്റും മറ്റു നിയമനടപടികളും ഉണ്ടായതോടെയാണ് പാപ്പിനിശ്ശേരി പാലത്തിന്റെ നിർമ്മാണത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ വിജിലൻസ് അന്വേഷണം തുടങ്ങിയത്.