2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിൽ പ്രവർത്തിക്കുന്ന ഹോം ഫോർ മെന്റലി ഡിഫറന്റ് ചിൽഡ്രൻ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാർഡ് പ്രഖ്യാപിച്ചത്.
അസ്ഥി പരിമിതി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരായി തിരുവനന്തപുരം കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ അധ്യാപകനായ ഡോ. ആർ. ജയകുമാർ, തൃശൂർ ഇരിങ്ങാലക്കുട പഞ്ചായത്ത് വകുപ്പ് പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലെ പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസർ പണ്ടു സിന്ധു എന്നിവരെ തിരഞ്ഞെടുത്തു.
കേൾവി പരിമിതി നേരിടുന്നവരിൽ മികച്ച സർക്കാർ ജീവനക്കാരായി എറണാകുളം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാർക്കായ വി.എസ്. വിഷ്ണു, പാലക്കാട് തോലനൂർ ജി.എച്ച്.എസ്.എസിലെ കെ.എ. അജേഷ്, കാഴ്ച പരിമിതി നേരിടുന്ന വിഭാഗത്തിലെ മികച്ച സർക്കാർ ജീവനക്കാരായി ഇടുക്കി മുരിക്കാടുകുടി ഗവ. ട്രൈബൽ എച്ച്.എസ്.എസിലെ അധ്യാപിക ലിൻസി ജോർജ്, കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിലെ നഴ്‌സിംഗ് അസിസ്റ്റന്റ് റോയ് തോമസ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ മികച്ച ജീവനക്കാരനായി കാസർഗോഡ് കുണ്ടംകുഴി കുടുംബശ്രീ വിപണന കേന്ദ്രത്തിലെ സെയിൽസ്മാൻ മണികണ്ഠൻ, പൊതുമേഖലയിൽ കേൾവി പരിമിതി വിഭാഗത്തിൽ പത്തനംതിട്ട ടൗൺ ബ്രാഞ്ച് സ്റ്റേറ്റ് ഡെപ്യൂട്ടി മാനേജർ എ.ആർ. രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
സ്വകാര്യ മേഖലയിൽ അസ്ഥി പരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ മലപ്പുറം വെളിമുക്ക് ഷൈൻ സ്റ്റോൺസ് മാർബിൾസ് സൂപ്പർവൈസർ മുഹമ്മദ് ഷഫീക്ക്, മലപ്പുറം എടകര ന്യൂ ലീഫ് സ്‌പെഷ്യൽ സ്‌കൂൾ കോ-ഓർഡിനേറ്റർ ഹബീബ് റഹ്‌മാൻ, സ്വകാര്യ മേഖലയിൽ കേൾവി പരിമിതി വിഭാഗത്തിൽ പത്തനംതിട്ട ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് പ്രസ് ഗ്രാഫിക് ഡിസൈനർ പി.എ. അരുൺകുമാർ, കാക്കനാട് എസ്.എഫ്.ഒ. ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാഫിക്‌സ് ഡിസൈനർ കെ.എം. അബ്ദുൾ ഷുക്കൂർ, സ്വകാര്യ മേഖലയിൽ കാഴ്ച പരിമിതി വിഭാഗത്തിൽ മലപ്പുറം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ് ഡയറക്ടർ ടി. ഇബ്രാഹീം എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം അസ്ഥി പരിമിതി വിഭാഗത്തിൽ മലപ്പുറം പെരിന്തൽമണ്ണ സാന്ത്വനം ഡേ കെയർ, കേൾവി, സംസാര പരിമിതി വിഭാഗത്തിൽ കോഴിക്കോട് കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ ഡെഫ് സ്‌കൂൾ, ബുദ്ധി പരിമിതി വിഭാഗത്തിൽ കാസർഗോഡ് മൂളിയാർ അക്കര ഫൗണ്ടേഷൻ സെന്റർ എന്നിവ അർഹരായി.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണം, പരിശീലനം, പുനരധിവാസം, വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്.എം.ഡി.സി. ഭിന്നശേഷിക്കാർക്കു വേണ്ടി കെൽട്രോണുമായി സഹകരിച്ച് ആരംഭിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റ്, നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ദാനം, മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വയോ പോഷണം പദ്ധതിയുടെ പ്രഖ്യാപനം, വയോജന ക്ഷേമ മേഖലയിൽ മികച്ച സേവനം നടത്തുന്ന സന്നദ്ധ സംഘടനയ്ക്ക് അംഗീകാരം നൽകൽ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
എ. പ്രദീപ് കുമാർ എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് ജില്ലാ കളക്ടർ സീറാം സാംബശിവറാവു സ്വാഗതം ആശംസിച്ചു. എച്ച്.എൽ.എഫ്.പി.പി.ടി. സ്റ്റേറ്റ് പ്രോഗ്രാം മാനോജർ വിമൽ രവി റിപ്പോർട്ടവതരിപ്പിച്ചു. എം.കെ. രാഘവൻ എം.പി., കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് എന്നിവർ മുഖ്യാതിഥികളായി. എച്ച്.എം.ഡി.സി. സൂപ്രണ്ട് വി.ജി. ജയകുമാർ നന്ദി രേഖപ്പെടുത്തി.