താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താൻ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളിൽ 10 വർഷത്തിലധികമായി തുടർച്ചയായി ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്താൻ നിശ്ചയിച്ചത്.
10 വർഷം എന്ന കാലയളവിൽ ഈ സർക്കാരിന്റെ കാലത്തും കഴിഞ്ഞ സർക്കാരിന്റെ കാലത്തും പ്രവർത്തിച്ചവരാണ്. അവരെയൊന്നും നിയമിച്ചത് ഈ സർക്കാരല്ല. സ്ഥിരപ്പെടുന്നവരിൽ 20 വർഷവും അതിലേറെയും സർവീസുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പരിഗണന വച്ച് ആരെയെങ്കിലും പ്രത്യേകമായി ഉൾപ്പെടുത്തുകയോ പുറംതള്ളുകയോ ചെയ്തിട്ടില്ല. മാനുഷിക പരിഗണന മാത്രമാണുണ്ടായത്.
ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളെല്ലാം ആറു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റിട്ടയർമെന്റ് എറ്റവും കൂടുതൽ ഉണ്ടാകുന്ന ഏപ്രിൽ, മെയ് മാസങ്ങളിലെ ഒഴിവുകൾ കൂടി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ പെട്ടവർക്ക് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ പൊലീസ് റാങ്ക് ലിസ്റ്റിലാവട്ടെ 2021 ഡിസംബർ 31 വരെയുള്ള ഒഴിവുകൾ കണക്കാക്കി നിയമനം നൽകിയിട്ടുമുണ്ട്.
ഈ സർക്കാർ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 44,000 തസ്തികകൾ പുതുതായി സൃഷ്ടിച്ചു. ഇപ്പോൾ തന്നെ ഈ സർക്കാർ (2021 ജനുവരി 31 വരെ) 1,57,911 പേർക്ക് പിഎസ്സി വഴി നിയമനം നൽകിക്കഴിഞ്ഞിട്ടുണ്ട്.
അനന്തമായി റാങ്ക്ലിസ്റ്റുകൾ നീട്ടി പുതിയ തലമുറയ്ക്ക് പരീക്ഷയെഴുതാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടേണ്ട ഒഴിവുകൾ ലിസ്റ്റിലുള്ളവർക്ക് ലഭിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോൾ തന്നെ 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക്ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും. ഇതിൽ എല്ലാവർക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകൾക്കേ സാധാരണ നിലയിൽ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവർഷം സർക്കാർ സർവീസിലേക്ക് ആകെ നടത്താൻ കഴിയുന്ന നിയമനം 25,000 വരെയാണ്. സർക്കാർ സാധ്യമായതിലും കൂടുതൽ നിയമനം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താൽക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാൽ, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് ഈ സർക്കാർ തീരുമാനിച്ചത്.
അഭ്യസ്തവിദ്യർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ ലഭിക്കുന്നില്ലായെന്ന പ്രശ്നം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതൽ തൊഴിലവസരം ഉണ്ടാക്കാനും മൂലധന നിക്ഷേപം നടത്തുന്നതിനും സർക്കാർ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സർക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താൻ അവശേഷിക്കുന്നുണ്ട്. നിയമനങ്ങൾ പലതും സ്തംഭിച്ചിരിക്കുന്നു.
ലാസ്റ്റ്ഗ്രേഡ് റാങ്ക്ലിസ്റ്റിൽ ബിരുദമുള്ളവർക്ക് ഇപ്പോൾ പരീക്ഷയെഴുതാൻ പറ്റില്ല. നേരത്തേ ഇത്തരമാളുകൾക്ക് പരീക്ഷയെഴുതാൻ പറ്റുമായിരുന്നു. ഇതിൽ പലരും മിക്കപ്പോഴും മറ്റു റാങ്ക്ലിസ്റ്റുകളിലും സ്ഥാനംപിടിക്കും. കൂടുതൽ ആകർഷകമായ തൊഴിലുകളിലേക്ക് നീങ്ങുമ്പോൾ ലഭിക്കുന്ന എൻജെഡി ഒഴിവുകളിലൂടെ റാങ്ക് ലിസ്റ്റിൽ പിന്നിൽ നിൽക്കുന്ന വിഭാഗങ്ങൾക്ക് തൊഴിൽ സാധ്യതയുണ്ടാകുമായിരുന്നു. ഇതുകൊണ്ടാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ എറ്റവും താഴെയുള്ള ആളുകൾക്ക് നിയമനം ലഭിച്ചുവെന്നും ഇപ്പോൾ ലഭിക്കുന്നില്ലായെന്നും പരാതി ഉയരുന്നത്.
ഈ വസ്തുതകൾ എല്ലാം മറച്ചുവെച്ച് ഉദ്യോഗാർത്ഥികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും റാങ്ക്ലിസ്റ്റിലെ അവസാന ആളുകൾക്കു പോലും തൊഴിൽ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനുമാണ് ശ്രമം. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഒരു ലിസ്റ്റിലും പെടാത്ത ആളുകൾ പോലും വൈകാരിക പ്രകടനങ്ങൾ നടത്തുകയും അതിന് ചിലർ ബോധപൂർവം പ്രചാരണം നൽകുകയും ചെയ്തു. അതിൽ ആളുകളുടെ ജീവന് അപകടം വരാവുന്ന ചില നീക്കങ്ങളുമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.