കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ജനുവരി മാസത്തെ ശമ്ബള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. എംഡി ബിജു പ്രഭാകറാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ ശമ്ബള വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.
അതേസമയം ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് ഇനി മുതല്‍ കെഎസ്‌ആര്‍ടിസി നേരിട്ട് കരാറുകള്‍ സ്വീകരിക്കും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നേരത്തെ ഇടനിലക്കാര്‍ വഴിയായിരുന്നു കെഎസ്‌ആര്‍ടിസിക്ക് പരസ്യം ലഭിച്ചിരുന്നത്. ഇത് കുറഞ്ഞ തുകയ്ക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി മുതല്‍ നേരിട്ട് പരസ്യം സ്വീകരിക്കാനുള്ള തീരുമാനം.
സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴിയാണ് കെഎസ്‌ആര്‍ടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങിയത്. 1000 ബസുകളില്‍ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിനായി പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ എത്തി. ഇനി മുതല്‍ പരസ്യത്തിനായി പുറം കരാര്‍ നല്‍കില്ല.
ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യും. ഇപ്പോള്‍ പരസ്യത്തില്‍ നിന്നും 1.7 കോടി രൂപയോളമാണ് പ്രതിമാസം കോവിഡിന് മുന്‍പ് ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജന്‍സികള്‍ പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.