കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാൽ ഇതിൽ ചില കാലതാമസം ഉണ്ടാകുന്നുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല മേഖലകളിലും സിയാൽ മോഡൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. എച്ച്. എൽ. എല്ലിന്റെ സ്ഥലത്ത് റബർ പാർക്ക് ഇത്തരത്തിലാണ് ആരംഭിക്കുന്നത്. ഇതിനാവശ്യമായ നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.
ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി അനുവദിക്കണമെന്ന യോഗത്തിലുയർന്ന ആവശ്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ എടുത്തു എന്ന കാരണം കൊണ്ട് സ്ഥാപനം നശിക്കാൻ ഇടയാകരുത്. വായ്പ കുടിശിക കണക്കാക്കുന്നതിന് ന്യായവും ശാസ്ത്രീയവുമായ മാർഗം സ്വീകരിക്കേണ്ടതുണ്ട്. ഐ. ടി സ്ഥാപനങ്ങൾ നിലവിൽ ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റിനു കീഴിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് അനുയോജ്യമായ മറ്റൊരു വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ വ്യവസായങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ സെക്രട്ടറിതല സ്റ്റാറ്റിയൂട്ടറി കമ്മിറ്റി എന്ന യോഗത്തിലെ നിർദ്ദേശം നല്ലതാണെന്നും സർക്കാർ ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. പാലക്കാടും കൊച്ചിയിലും ഇത് നല്ല രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ തൊഴിൽ സൃഷ്ടിക്കുന്ന സംവിധാനം പ്രാവർത്തികമാകുന്നതോടെ ആരോഗ്യകരമായ മത്‌സരം ഉണ്ടാവും. ആ സാഹചര്യത്തിൽ വ്യവസായ സ്ഥാപനങ്ങളെ ആകർഷിക്കുന്ന നിലപാട് തദ്ദേശസ്ഥാപനങ്ങളിൽ നിന്നുണ്ടാവും. തദ്ദേശസ്ഥാപനങ്ങളിൽ ജീവനക്കാർക്ക് വ്യവസായങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടപടിയുണ്ടാവും. മത്‌സ്യസംസ്‌കരണ രംഗത്ത് ആവശ്യമായ നടപടി തുടർന്നും സ്വീകരിക്കും. തുറമുഖങ്ങളുടെ വികസനം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ വികസിപ്പിക്കുന്നതിന് വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പ്രവാസികൾക്ക് വ്യവസായം ആരംഭിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകും. വിവിധ തൊഴിൽ മേഖലയിലുള്ളവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തൊഴിലാളികളുടെ ഒരു പോർട്ടൽ ആരംഭിക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ കാർഷിക മേഖലകളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമാക്കും. തോട്ടം മേഖലയിൽ ഫലവൃക്ഷങ്ങളുടെ കൃഷി ആരംഭിക്കാമെന്നത് അംഗീകരിച്ചിട്ടുണ്ട്. വിവിധ വ്യവസായങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരെ ഒരുക്കുന്നതിനാവശ്യമായ തരത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തും. വ്യവസായ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് കോഴ്‌സുകൾക്ക് അന്തിമരൂപം നൽകും. ഉന്നത വിദ്യാഭ്യാസ സമിതികളിൽ വ്യവസായികളെക്കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യധാരാ വ്യവസായ സംരംഭകരുടെ വിജയഗാഥയുടെ പ്രകാശനവും നിക്ഷേപ സുഗമമാക്കൽ സെല്ലിന്റെ പ്രഖ്യാപനവും പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ 100 കോടി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ സന്നിഹിതരായിരുന്നു.
വ്യവസായ സംരംഭകരായ തോമസ് ജോർജ്, ദീപക് അസ്വാനി, സി. ഖാലിദ്, സി. വി. റപ്പായി, വി. കെ. വർഗീസ്, ജോസ് ഡോമിനിക്ക്, പി. കെ. അഹമ്മദ്, ഡോ. സഹദുള്ള, ജെ. കെ. മേനോൻ, നവാസ് മീരാൻ, നാരായണൻ, ജി. വിജയരാഘവൻ, സി. ഐ. ഐ പ്രതിനിധി ഗണേഷ്, വി. കെ. സി പ്രതിനിധി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
previous post