ഇരിട്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇരിട്ടിയിൽ നിയന്ത്രണം കർശനമാക്കാൻ നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. വാര്‍ഡുതല ജാഗ്രതാസമിതികള്‍ പുതിയ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതിനും നിരീക്ഷണം പൂര്‍വാധികം ശക്തിപ്പെടുത്താനും തീരുമാനിച്ചു .
ഇരിട്ടി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ (ഹോട്ടലുകള്‍ ഉള്‍പ്പെടെ) രാത്രി ഒന്‍പതു വരെ മാത്രം പ്രവർത്തിക്കാനാണ് അനുമതി നൽകുക. രാത്രി പത്തുവരെ ശുചീകരണം ഉൾപ്പടെയുള്ളവയ്ക്ക് സമയം അനുവദിക്കും. നഗരസഭാ പരിധിയില്‍ നടക്കുന്ന പൊതു പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയിപ്പ് നല്കാന് തീരുമാനിച്ചു.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍, മതാചാര പ്രകാരം നടക്കുന്ന മറ്റു ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ടവര്‍ യഥാസമയം നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണന്നും യോഗം നിർദേശിച്ചു. നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ നിലവിലുള്ള 12, 15, 27 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. മദ്രസകളില്‍ ചെറിയ ക്ലാസുകളില്‍ കുട്ടികളെ മത പഠനാര്‍ത്ഥം പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ പള്ളിക്കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.