പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് അഞ്ചുവർഷത്തിനിടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസിന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പണം ഒരിക്കലും പ്രശ്നമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീടും നാടും വൃത്തിയായി സൂക്ഷിക്കുന്ന മലയാളികൾ സർക്കാർ ഓഫീസുകളിൽ അതേ മനോഹാരിത പ്രതീക്ഷിക്കുന്നു. ഇത്തരം മനോഭാവമുള്ളവർ സന്ദർശിക്കുന്ന പോലീസ് സ്റ്റേഷനുകൾ മനോഹരമായിരുന്നാൽ അത് പരാതിക്കാരന് ആശ്വാസം പകരും. ഏതാനും വർഷത്തിനിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ വൃത്തിക്കും വെടിപ്പിനും മകുടോദാഹരണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച പാലക്കാട് വനിത പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ആലുവ, ചോമ്പാല, മേലാറ്റൂർ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകൾ, കോട്ടയത്തെയും കൊല്ലത്തെയും ജില്ലാ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, തിരുവനന്തപുരം സിറ്റി, മൂന്നാർ, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ജില്ലാതല പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കായി നിർമിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച നേമം, ചെങ്ങന്നൂർ, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ ക്വാർട്ടേഴ്സുകളുടെയും ചാത്തന്നൂരിലെ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം, ഡിഐജി എസ്. ശ്യാംസുന്ദർ എന്നിവരും ജില്ലാ പോലീസ് മേധാവിമാരും ചടങ്ങിൽ പങ്കെടുത്തു.