ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ ആറളം വില്ലേജിന്റെ പുറമ്പോക്ക് ഭൂമിയിലൂടെയും കേളകം പഞ്ചായത്ത് അതിർത്തിയിലൂടെയും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ വനം വകുപ്പ് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരേയായിരുന്നു പ്രതീകാത്മക പ്രതിഷേധം.
പുഴയ്ക്ക് അക്കരെ താമസിക്കുന്ന ആദിവാസികൾ ആറളം വില്ലേജിന്റെ പുറന്പോക്ക് ഭൂമിയിൽ 1960 മുതൽ രാമച്ചവും സിസർള (പുൽതൈലം) യും കൃഷി ചെയ്തിരുന്നു. വളയംചാൽ മുതൽ അടയ്ക്കാത്തേട് വരെയുള്ള പ്രദേശവാസികൾ 1990ന് ശേഷം വന്യമൃഗശല്യവും മലവെള്ളപ്പാച്ചിലിൽ കൃഷിയിടം ഭാഗികമായി നശിച്ചതും കാരണം ഭൂമി ഉപേക്ഷിക്കുകയായിരുന്നു.
1972ലെ ഭൂനിയമപ്രകാരം ഉപാധിരഹിതമായി പട്ടയം നല്കാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ പലരും പട്ടയത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സർവേ നമ്പർ 270ൽ പെട്ട സ്ഥലമാണ് ചീങ്കണ്ണിപ്പുഴയും പരിസരപ്രദേശങ്ങളും.
1988ൽ സ്വകാര്യ വ്യക്തിയിൽ നിന്ന് സർക്കാർ വാങ്ങിയ വനം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സഞ്ചാരികൾക്ക് ഒരു നിയമം
നാട്ടുകാർക്ക് വേറൊന്ന്
1972ലെ കേന്ദ്ര വനനിയമനുസരിച്ച് വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച് കയറിയാൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാം. വനത്തിലൂടെയുള്ള പെതുജനസഞ്ചാരം ഇല്ലാതാക്കുകയും അതുവഴി അതിസൂക്ഷ്മങ്ങളായ ചെറുജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരാതെ സുരക്ഷയൊരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. വന്യമൃഗ ആക്രമണം ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലും കൂടിയാണിത്. എന്നാൽ, ടൂറിസത്തിന്റെ മറവിൽ ആളുകളെ യഥേഷ്ടം വനത്തിലൂടെ കടത്തിവിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കടുവ, പുലി, ആന, ചെന്നായ് തുടങ്ങിയ വന്യമൃഗങ്ങളുള്ള കാട്ടിലൂടെ വിനോദസഞ്ചാരികളെ കാൽനടയായാണ് വനംവകുപ്പ് ട്രക്കിംഗിനും മറ്റും കൊണ്ടു പോകുന്നത്. വനത്തിന് പുറത്തുപോലും ആളുകൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാച്ചർമാർക്കൊപ്പം സഞ്ചാരികളെ വനത്തിൽ ഒരു സുരക്ഷയുമില്ലാതെയാണ് കടത്തിവിടുന്നതെന്ന് നാട്ടുകാർ പറയുന്നു.
ബഫർ സോൺ നോട്ടിഫിക്കേഷനിലെ നിയമങ്ങൾ അനുസരിച്ച് ബഫർ സോൺ ഏരിയയിൽ രാത്രികാല യാത്ര, ഡീസൽ ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് 20 ഡെസിബൽ മേലെയുള്ള ശബ്ദം എന്നിവയെല്ലാം നിരോധിച്ചതാണ്.
എന്നാൽ വനത്തിനുള്ളിൽ നിത്യേന നൂറുകണക്കിന് ഡീസൽ വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഇത് മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണം വേറെയും. ഇതെല്ലാം വനത്തിനുള്ളിൽ അനുവദിക്കുമ്പോൾ പുറത്ത് താമസിക്കുന്ന കർഷകർക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിലെ ന്യായമെ ന്തെന്ന് നാട്ടുകാർ ചോദി ക്കുന്നു.
നിർമാണവും തകൃതി
ബഫർസോൺ ഏരിയയിൽ റോഡിന്റെ അറ്റകുറ്റപ്പണിക്ക് പോലും നിയന്ത്രണമുള്ളപ്പോൾ വനത്തിനുള്ളിൽ ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്.
കോൺക്രീറ്റ് ബീമുകൾ ഉപയോഗിച്ച് നിർമിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ മലിനീകരണവും കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
2006 ലെ വനാവകാശ നിയപ്രകാരം ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വനത്തിനുള്ളിൽ പ്രവേശിക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും അനുമതിയുണ്ട്. എന്നാൽ പുഴയിലിറങ്ങുന്നത് പോലും വനംവകുപ്പ് തടയുകയാണ്. പുഴയിൽ കൂടുവച്ച് മീൻപിടിക്കുന്ന ആദിവാസികളെ വനംവകുപ്പ് ഭീഷണിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്യുകയാണ്.