തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക്. നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. മൂന്ന് ലക്ഷത്തോളം പേർക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയിൽ അവസരം നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ ശരാശരി 55 ഓളം പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴിൽ നൽകാൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു
2021-22 ൽ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. മറ്റ് പെൻഷൻ പദ്ധതിയിൽ ഇല്ലാത്തവർക്ക് അറുപത് വയസ് മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസ് ക്ഷേമനിധി വഴിയായിരിക്കും നൽകുക. 75 ദിവസം പണിയെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി
തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ മാത്രമാണ് ഉള്ളത്. നഗരങ്ങളിലേയ്ക്കും വ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല. കേരള സർക്കാർ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. നിലവിൽ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നഗരങ്ങളിലെ ഗ്രാമീണ വാർഡുകൾക്ക് മുൻഗണന നൽകുന്നതിന് നടപടി സ്വീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ വകയിരുത്തി.