24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു, അന്വേഷണം ഊര്‍ജിതം.*
Kerala Thiruvanandapuram

സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു, അന്വേഷണം ഊര്‍ജിതം.*


തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍നിന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്. പ്രതിയുടെ മുഖമോ ഇരുചക്രവാഹനത്തിന്റെ നമ്പരോ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഇതിനിടെ എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകവസ്തുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്‌ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്.ഇന്നലെ രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലൂടെയാണ് സ്‌ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു.

എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തില്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് പോലീസ് ഓടിയെത്തിയത്. ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഹാളിന്റെ കരിങ്കല്‍ഭിത്തിയില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.

Related posts

കശുമാവ് കർഷക സെമിനാർ സംഘടിപ്പിക്കും

Aswathi Kottiyoor

ട്രഷറി വകുപ്പ് ആസ്ഥാന മന്ദിരം നവംബർ 11ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

Aswathi Kottiyoor

ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox