തമിഴ്‌നാട്ടിലെ വൈദ്യുതിമേഖല വൻ സാമ്പത്തികത്തകർച്ചയിലേക്ക്. ഉപയോക്താക്കളെ കാത്തിരിക്കുന്നത് താരിഫ് ഷോക്ക്. കടവും നഷ്ടവും കുതിച്ചുയർന്നതാണ് പ്രതിസന്ധിക്ക് കാരണം. തമിഴ്‌നാട്ടിൽ വൈദ്യുതി വിതരണം ചെയ്യുന്നത് തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ്. 2021 മാർച്ചുവരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ ആകെ കടം 1,23,299 കോടി രൂപയാണ്. കേരളത്തിന്റെ മൊത്തം കടത്തിന്റെ മൂന്നിലൊന്നാണ് ഇത്.
2019–-20ലെ നഷ്ടം 11,964 കോടിയായിരുന്നെങ്കിൽ 2020–-21ൽ 13,407 കോടി രൂപയായി.
ചെലവിന് അനുസരിച്ച് താരിഫ് നിശ്ചയിക്കാത്തതാണ് തമിഴ്‌നാട് വൈദ്യുതി ബോർഡിനെ വൻ നഷ്ടത്തിലേക്കും കടബാധ്യതയിലേക്കും നയിച്ചത്. 2017ന് ശേഷം താരിഫ് പുതുക്കിയിട്ടില്ല. റഗുലേറ്ററി കമീഷന് വരവ് ചെലവു കണക്കും സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കടം ഒന്നരലക്ഷം കോടിക്ക് അടുത്തുവരുമെന്നാണ് നിഗമനം. താരിഫ് പരിഷ്‌കരണം ഉപയോക്താക്കൾക്ക് ഇരുട്ടടിയാകുമെന്നുറപ്പ്.
ഉൽപ്പാദക നിലയങ്ങളിൽനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിലും വൻ കുടിശ്ശികയുണ്ട്. ഇതുകാരണം തമിഴ്‌നാടിന് വൈദ്യുതി നൽകാൻ നിലയങ്ങൾ വിസമ്മതിക്കുന്നു. വസ്‌തുത ഇതായിരിക്കെയാണ് തമിഴ്‌നാടിനെയും കേരളത്തെയും താരതമ്യം ചെയ്തുള്ള വ്യാജപ്രചാരണം.
ഉപയോക്താക്കൾക്ക് താങ്ങാൻ കഴിയുന്നതും കെഎസ്‌ഇബിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത വിധത്തിലുമാണ് ഇവിടെ നിരക്ക് നിശ്ചയിച്ചത്. കെഎസ്‌ഇബിയുടെ ആകെ ബാധ്യത 10,000 കോടിയിൽ താഴെയാണ്. 20–-21 സാമ്പത്തികവർഷത്തിൽ 81.86 കോടി ലാഭം നേടാനും കെഎസ്‌ഇബിക്കായി.