മഹാരാഷ്ട്ര നിയമസഭയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ തീരുമാനം ശിവസേനക്ക് കനത്ത തിരിച്ചടിയായി. ഇതോടെ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹ വികാസ് അഘാഡി സർക്കാർ നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. മറുപക്ഷത്തു നിൽക്കുന്ന ശിവസേന വിമതർ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
വിശ്വാസവോട്ടെടുപ്പിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. എം.എൽ.എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് ഉദ്ധവിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചോദിച്ചിരുന്നു. എന്നാൽ, അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന മറുചോദ്യമാണ് കോടതി ചോദിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്നും കോടതി ആരാഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്.