24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അടിച്ചുപൊളിച്ച് ആനവണ്ടി: നാടുകാണിച്ച് കെ.എസ്.ആർ.ടി.സി നേടിയത് 23 ലക്ഷം
Kerala

അടിച്ചുപൊളിച്ച് ആനവണ്ടി: നാടുകാണിച്ച് കെ.എസ്.ആർ.ടി.സി നേടിയത് 23 ലക്ഷം

കണ്ണൂർ: നാടുചുറ്റിയും കാഴ്ചകാണിച്ചും കണ്ണൂരിലെ ആനവണ്ടി നേടിയത് 23 ലക്ഷം രൂപ. വയനാടിന്റെയും ഇടുക്കിയുടെയും ചുരവും പച്ചപ്പും കുമരകത്തെ കായൽ സൗന്ദര്യവും തലസ്ഥാനനഗരിയിലെ കാഴ്ചകളും സഞ്ചാരികൾക്ക് സമ്മാനിച്ചാണ് അഞ്ചു മാസംകൊണ്ട് ഇത്രയും തുക കെ.എസ്.ആർ.ടി.സി നേടിയത്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മുതലാണ് ഉല്ലാസയാത്രകൾ തുടങ്ങിയത്. ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതാണ് പ്രത്യേകത. വയനാടൻ പാക്കേജിനാണ് ഏറെയും ബുക്കിങ്. 10 ലക്ഷമാണ് ഇത്തരത്തിൽ ലഭിച്ചത്. 36 തവണയാണ് യാത്രക്കാരുമായി ആനവണ്ടി വയനാട് ചുരം കയറിയത്. വയനാട്, പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നിവയാണ് ഒരുദിവസംകൊണ്ട് നടത്താവുന്ന യാത്രകൾ.

രണ്ടു ദിവസം മൂന്നാറിൽ കറങ്ങാൻ 1850 രൂപ മതി. മൂന്നു ദിവസത്തേക്കാണെങ്കിൽ താമസവും യാത്രയും അടക്കം 2500 രൂപയാകും. വാഗമൺ-കുമരകം യാത്രക്ക് മൂന്നു ദിവസത്തേക്ക് 3900 രൂപയാണ് ചാർജ്. ഭക്ഷണം, താമസം, ഓഫ് റോഡ് സഫാരി, ഹൗസ് ബോട്ട് യാത്ര ഉൾപ്പെടെയാണ് പാക്കേജ്. 3650 രൂപയുടെ തിരുവനന്തപുരം-കുമരകം പാക്കേജിൽ ഭക്ഷണവും താമസവും ഹൗസ് ബോട്ട് യാത്രയും ഒപ്പം തിരുവനന്തപുരത്ത് ഡബ്ൾഡെക്കർ ബസിൽ നഗരം ചുറ്റുകയും ചെയ്യാം. ആഴ്ചതോറും ശനി, ഞായർ ദിവസങ്ങളിലാണ് യാത്ര. ആവശ്യക്കാരുണ്ടെങ്കിൽ മറ്റു ദിവസങ്ങളിലും ഓടും. കഴിഞ്ഞ വേനലവധിക്ക് മിക്കദിവസവും യാത്രയായിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, കുടുംബശ്രീ യൂനിറ്റുകൾ, അധ്യാപകർ തുടങ്ങിയ സംഘങ്ങളും ആനവണ്ടിയിൽ നാടു കാണാനിറങ്ങുന്നുണ്ട്.

60ലേറെ യാത്രകൾ കണ്ണൂരിൽനിന്ന് നടത്തി. മലബാറിൽനിന്ന് ഹൈറേഞ്ചിന്റെ തണുപ്പും പച്ചപ്പുമറിയാൻ കുറഞ്ഞ ചെലവിൽ യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൂന്നാർ ട്രിപ്പിന് മൺസൂൺ കാലത്തും തിരക്കിട്ട ബുക്കിങ്ങാണ്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട് എന്നിവ കണ്ടുമടങ്ങാം.

യാത്രയിൽ അനുഗമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച 20 പേരാണ് കണ്ണൂരിലുള്ളത്. ഡ്രൈവർ, ഗൈഡ് കം ഡ്രൈവർ എന്നിവരാണ് ബസിലുണ്ടാവുക. ടൂർ കോഓഡിനേറ്റർമാരും ഒപ്പമുണ്ടാകും. ഡി.ടി.ഒ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രകൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. കെ.ജെ. റോയ്, കെ.ആർ. തൻസീർ എന്നിവരാണ് ടൂർ കോഓഡിനേറ്റർമാർ. ദീർഘയാത്രക്ക് പുഷ്ബാക്ക് സീറ്റുകളോടുകൂടിയ സൂപ്പർ എക്സ്പ്രസ് ബസുകളാണ് ഉപയോഗിക്കുക. ഏകദിന യാത്രക്ക് ഫാസ്റ്റ് പാസഞ്ചർ ഓടും.

പയ്യന്നൂർ ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പാക്കേജ് തുടങ്ങിയെങ്കിലും നിലവിൽ നിലച്ചമട്ടാണ്. തലശ്ശേരിയിൽനിന്ന് ഉല്ലാസയാത്രകൾ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. കണ്ണൂരിൽനിന്ന് ബേക്കൽ കോട്ട-ബീച്ച്-റാണിപുരം ഹിൽ സ്റ്റേഷൻ ഏകദിന പാക്കേജ് അടുത്തയാഴ്ച തുടങ്ങും. തിരുവനന്തപുരത്തുനിന്ന് യാത്രാ അനുമതിക്കായുള്ള കാത്തിരിപ്പാണ്.

Related posts

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

Aswathi Kottiyoor

നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox