ഡബ്ലിൻ ∙ മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. സ്കോർ: അയർലൻഡ്– 12 ഓവറിൽ 4 വിക്കറ്റിന് 108. ഇന്ത്യ– 9.2 ഓവറിൽ 3ന് 111. 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24), ഓപ്പണർ ഇഷാൻ കിഷൻ (11 പന്തിൽ 26) എന്നിവരും ഇന്ത്യൻ ഇന്നിങ്സിൽ തിളങ്ങി. 3 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പേസ് ബോളർ ഉമ്രാൻ മാലിക്കിന് ഇന്ത്യ അരങ്ങേറ്റ അവസരം നൽകി. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചില്ല. പരമ്പരയിലെ അവസാന മത്സരം നാളെ. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു.മഴ മൂലം കളി 12 ഓവറാക്കി ചുരുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഐറിഷ് ക്യാപ്റ്റൻ ആൻഡ്ര്യൂ ബാൽബിർണിയെ (0) പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. അടുത്ത ഓവറിൽ സഹഓപ്പണർ പോൾ സ്റ്റെർലിങ്ങിനെ (4) ഹാർദിക് പാണ്ഡ്യയും പുറത്താക്കി. എന്നാൽ അർധ സെഞ്ചറിയുമായി ഒരറ്റത്ത് ഉറച്ചു നിന്ന ഹാരി ടെക്റ്റർ (33 പന്തിൽ 64) ആതിഥേയരെ നൂറു കടത്തി. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വർ, ഹാർദിക്, ആവേശ് ഖാൻ, ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച ഇഷാൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. നേരിട്ട 11 പന്തുകളിൽ ഇഷാൻ 3 ഫോറും 2 സിക്സുമടിച്ചു. സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി മടങ്ങിയെങ്കിലും പിന്നാലെ വന്ന ഹാർദിക് സ്കോറിങ് വേഗം കുറച്ചില്ല. 8–ാം ഓവറിൽ ഹാർദികും പുറത്തായെങ്കിലും ഹൂഡയും ദിനേഷ് കാർത്തിക്കും (5) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.