23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • അദ്ധ്യാപികയുടെ സ്വർണ്ണമാല കവർന്ന് അറസ്റ്റിലായ സൈനികനെതിരേ മിലിട്ടറിയുടേയും അന്വേഷണം
Iritty

അദ്ധ്യാപികയുടെ സ്വർണ്ണമാല കവർന്ന് അറസ്റ്റിലായ സൈനികനെതിരേ മിലിട്ടറിയുടേയും അന്വേഷണം

ഇരിട്ടി: കാറിലെത്തി വഴി ചോദിക്കുകയും റിട്ട. അദ്ധ്യാപികയുടെ സ്വർണ്ണമാല പറിച്ചെടുത്ത് കടന്നുകളഞ്ഞ് അറസ്റ്റിലാവുകയും ചെയ്ത യുവ സൈനികനെതിരെ സൈന്യവും അന്വേഷണത്തിന്. പ്രതി ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യന്‍ ഷാജി(27) യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിന് മുൻപാണ് കണ്ണൂരിൽ നിന്നുമെത്തിയ സൈനിക ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തത്.
ലീവിന് നാട്ടിലെത്തുമ്പോൾ ഇയാളുടെ കയ്യിൽ മൂന്നര ലക്ഷം രൂപ ഉണ്ടായിരുന്നതായും ആഡംബര ജീവിതത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്നും ഇതിനു വേണ്ടി തന്നെയാണ് സ്വർണ്ണം കവർന്നതെന്നും ഇയാൾ പറഞ്ഞതായി സേനാ ഉദ്യാഗസ്ഥർ അറിയിച്ചതായി കേസന്വേഷണം നടത്തുന്ന ഇരിട്ടി സി ഐ കെ.ജെ. ബിനോയ് പറഞ്ഞു. അദ്ധ്യാപികയുടെ മാല കവരുന്നതിനു മുൻപ് ഇയാൾ പ്രദേശത്തെ നാലോളം വീടുകളിൽ കയറി ഒരാളുടെ മേൽവിലാസം ചോദിച്ചിരുന്നു. കാർ റോഡരികിൽ എഞ്ചിൻ ഓഫാക്കാതെ ആയിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതിൽ സംശയം തോന്നിയ രണ്ട് യുവാക്കൾ കാറിന്റെ നമ്പർ മനസ്സിലാക്കിയിരുന്നു. സ്ഥലം അത്ര പന്തിയല്ലെന്ന് കണ്ടതിനെത്തുടർന്നാണ് പ്രതി ഇവിടെനിന്നും സ്ഥലം വിട്ടത്. തുടർന്ന് ഇതേറോഡിൽ വെച്ചാണ് ഇയാൾ അദ്ധ്യാപികയോട് അറിയാത്ത ഒരു മേൽവിലാസം ചോദിച്ചതും ഇതിനിടയിൽ കാറിലിരുന്ന് മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞതും. എന്നാൽ മലയിലെ കുരിശ് താലിമാത്രമാണ് പ്രതിക്ക് പൊട്ടിച്ചെടുക്കാൻ കഴിഞ്ഞത്.
ഇതിനിടയിൽ ഏതാനും ദിവസം മുൻപ് പ്രതി പയ്യാവൂരില്‍ നിന്ന് വയോധികയുടെ മൂന്ന് പവന്‍ മാല വീട്ടില്‍ കയറി പിടിച്ച് പറിച്ച് കടന്നുകളഞ്ഞിരുന്നു. ഇത് വില്‍പനടത്തി കിട്ടിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഉപയോഗിച്ച് തന്റെ കൂടെ കഴിയുന്ന യുവതിയെയും ഇവരുടെ മാതാപിതാക്കളെയും കുട്ടി എറണാകുളത്ത് വിനോദയാത്രക്ക് പോയിരുന്നു. ഈ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും മാല വിറ്റുകിട്ടിയ പണം മുഴുവൻ തീർന്നതായി ഷാജി പൊലീസിന് മൊഴി നല്‍കി.
ബുധനാഴ്ച ഉച്ചയോടെയാണ് വള്ളിത്തോട് റിട്ട. അദ്ധ്യാപിക കക്കട്ടിൽ ഫിലോമിന സെബാസ്ററ്യന്റെ സ്വർണ്ണ മാല ഇവരുടെ വീടിന് സമീപം വെച്ച് റോഡില്‍ കാര്‍ നിർത്തി സെബാസ്റ്റ്യന്‍ ഷാജി പിടിച്ചു പറിച്ച് കടന്നുകളഞ്ഞത്. ആളൊഴിഞ്ഞ ഇടുങ്ങിയ റോഡിൽ കാർ നിർത്തി ഒരു മേല്‍വിലാസം അന്വേഷിക്കുകയും ടീച്ചര്‍ മുന്നോട്ട് നടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി കഴുത്തിലെ മാലയിൽ കയറിപ്പിടിച്ച് പൊട്ടിച്ചെടുക്കുകയുമായിരുന്നു. എന്നാൽ താലിമാത്രമാണ് ഇയാൾക്ക് കൊണ്ടുപോകാനായത്. പിടിവലിക്കിടയിൽ അഞ്ചു പവനോളം വരുന്ന മാല ടീച്ചർക്ക് പിടിച്ചെടുക്കാനായി. ടീച്ചര്‍ ബഹളം വെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് കാർ ഓടിച്ച് പോയി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. നേരത്തേ കാർ കണ്ട യുവാക്കളിൽ നിന്നും തിരിച്ചറിഞ്ഞതോടെ പൊലീസിന് ഇയാളെ വലയിലാക്കുക എളുപ്പമായി. പയ്യാവൂര്‍, ശ്രീകണ്ഠാപുരം പോലീസിന് ഇത്തരത്തില്‍ ഒരു കാര്‍ ആ ഭാഗത്തേക്ക് വരുന്നതായി വിവരം നല്‍കുകയും ചെയ്തു. കാറും പ്രതിയെയും ശ്രീകണ്്ഠാപുരം പോലീസ് തടഞ്ഞപ്പോഴേക്കും പിന്നാലെയെത്തിയ ഇരിട്ടി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പയ്യാവൂരിലെ വയോധികയുടെ മാല കവർന്ന കേസ് രണ്ടാഴ്ച പിന്നിട്ടിട്ടും തുമ്പില്ലാതിരിക്കുമ്പോഴാണ് ഇരിട്ടിയിൽ നടന്ന കവർച്ചാ കേസില്‍ പ്രതി പിടിയിലായത്. ഇതോടെ പയ്യാവൂര്‍ പോലീസിനും ആശ്വാസമായി. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പയ്യാവൂര്‍ പോലീസും കോടതിയില്‍ ഹര്‍ജി നല്‍കും.

Related posts

ഇരിട്ടിതാലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു……….

Aswathi Kottiyoor

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor

മാസ്ക്ക് വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox