24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോച്ച്‌ ഫാക്ടറിമുതൽ നേമം ടെർമിനൽവരെ ; കനിയാതെ റെയിൽവേ
Kerala

കോച്ച്‌ ഫാക്ടറിമുതൽ നേമം ടെർമിനൽവരെ ; കനിയാതെ റെയിൽവേ

നേമം ടെർമിനൽകൂടി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ കേന്ദ്രസർക്കാരിനും റെയിൽവേയ്‌ക്കും കേരളത്തോടുള്ള സമീപനം കൂടുതൽ വ്യക്തമായി. റെയിൽ ഗതാഗത രംഗത്ത്‌ ചക്രശ്വാസം വലിക്കുന്ന കേരളത്തെ ഒരു കാരണവശാലും സഹായിക്കില്ലെന്ന റെയിൽമന്ത്രാലയ നിലപാട്‌ വ്യാപക ചർച്ചയാവുകയാണ്‌.

പുതിയ സബർബൻ അടക്കം 20,000 കോടി രൂപയുടെ റെയിൽ പദ്ധതികൾക്കാണ്‌ കഴിഞ്ഞ ദിവസം കർണാടകത്തിൽ പ്രധാനമന്ത്രി തുടക്കമിട്ടത്‌. എന്നാൽ, കേരളം കാൽ നൂറ്റാണ്ടോളമായി ആവശ്യപ്പെടുന്നതും സ്ഥലം ഏറ്റെടുത്ത്‌ നടപ്പാക്കാൻ സന്നദ്ധമായതും അടക്കം പത്തോളം പ്രധാന പദ്ധതികൾ ഇപ്പോഴും അട്ടത്താണ്‌. സംസ്ഥാനം ചെലവ്‌ പങ്കിടുന്ന സിൽവർ ലൈൻ, ശബരിപാതകൾ കേന്ദ്ര–-കേരള സംയുക്ത സംരംഭമായ കെ–- റെയിൽ ആണ്‌ നടപ്പാക്കുന്നത്‌. എന്നിട്ടും അവ താമസിപ്പിക്കുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ്‌ സമർപ്പിച്ചാൽ ശബരി പാതയ്‌ക്ക്‌ ഉടൻ അനുമതിയെന്നായിരുന്നു പറഞ്ഞത്‌. എന്നാൽ, പുതുക്കിയ എസ്‌റ്റിമേറ്റും ഡിപിആറും സമർപ്പിച്ച്‌ കാത്തിരിക്കുന്നു. വിശദീകരണവും സംശയവും ചോദിച്ച്‌ സിൽവർ ലൈൻ അനുമതി നീട്ടുമ്പോൾ, മറുഭാഗത്ത്‌ പദ്ധതിക്കെതിരായ സമരം പ്രോത്സാഹിപ്പിച്ചാണ്‌ പാര.

ഗുരുവായൂർ –- തിരുനാവായ പാത, മൈസൂറുമായി ബന്ധിപ്പിക്കുന്ന പാത, ഷൊർണൂർ യാർഡിന്റെ റീമോഡലിങ്‌, എറണാകുളം –- ഷൊർണൂർ മൂന്നാം പാത, കൊച്ചുവേളി പ്ലാറ്റ്‌ഫോമുകളുടെ വികസനം, എറണാകുളം –- പൂങ്കുന്നം സിഗ്നൽ നവീകരണം എന്നീ പദ്ധതികളെല്ലാം തടഞ്ഞിട്ടിരിക്കുന്നു.

പതിറ്റാണ്ടായുള്ള ആവശ്യമാണ്‌ പാലക്കാട്‌ കോച്ച്‌ ഫാക്ടറി. 117 കോടിയുടെ പദ്ധതിയായ നേമം ടെർമിനലിന്‌ ആയിരം രൂപ ടോക്കൺ അനുവദിച്ച്‌ നാണം കെടുത്തി. ഇപ്പോൾ പദ്ധതി തന്നെ ഉപേക്ഷിച്ചു. ശബരിക്കും ആയിരം രൂപ ടോക്കൺ മാത്രമാണ്‌ അനുവദിച്ചിരുന്നത്‌. പുതിയ ട്രെയിൻ ചോദിക്കുമ്പോൾ സൗകര്യമില്ലെന്ന്‌ പറയുന്ന റെയിൽവേ, അനുവദിച്ചാൽ സൗകര്യങ്ങളുണ്ടാക്കാമെന്ന കേരളത്തിന്റെ ആവശ്യം കണ്ടില്ലെന്ന്‌ നടിക്കുന്നു. പച്ചക്കള്ളം മാത്രം പറഞ്ഞ്‌ കേരളത്തെ അപഹസിക്കുന്ന കേന്ദ്രമന്ത്രിയും സ്വന്തം നാടിന്‌ പദ്ധതികളൊന്നും അനുവദിക്കരുതെന്ന്‌ എഴുതിക്കൊടുക്കുന്ന എംപിമാരും വികസനം അനുവദിക്കില്ലെന്ന നിലപാടിലാണ്‌.

Related posts

ഏകീകൃത സിവിൽ കോഡ്: സംസ്ഥാനങ്ങൾക്കു നിയമമുണ്ടാക്കാമെന്ന് നിയമമന്ത്രി

Aswathi Kottiyoor

സ്ത്രീ സംരക്ഷണ നിയമങ്ങളിലെ വിടവുകൾ നികത്തി കാര്യക്ഷമമായി നടപ്പിലാക്കണം

Aswathi Kottiyoor

ചെന്നൈയില്‍ കനത്ത മഴ; 2015 ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായി.

Aswathi Kottiyoor
WordPress Image Lightbox