മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കമ്മീഷൻ അധ്യക്ഷനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെയും അംഗങ്ങളായി മാണി വിതയത്തിൽ, ജി. രതികുമാർ എന്നിവരേയും നിയമിച്ചു.
പുതിയ ചെയർമാൻ സി.എൻ.രാമചന്ദ്രൻ നായർ ഡാം സേഫ്റ്റി അഥോറിറ്റി ചെയർമാനായിരുന്നു. മാണി വിതയത്തിൽ 1999ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
കെപിസിസി മുൻ സെക്രട്ടറിയായ ജി. രതികുമാർ കോണ്ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായിരുന്നു. കമ്മീഷന്റെ പേര് സാന്പത്തികമായി ദുർബല വിഭാഗങ്ങൾക്കുള്ള കമ്മീഷൻ എന്നു മാറ്റണമെന്നു നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിനു ശിപാർശ നൽകിയിരുന്നു.