21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അഗ്നിപഥിൽ ഉറച്ച് കേന്ദ്ര സർക്കാർ ; വ്യോമസേനയിൽ 24ന്‌ രജിസ്‌ട്രേഷൻ തുടങ്ങും, നാവികസേനയിൽ നവംബർ 21ന്‌ പരിശീലനം ആരംഭിക്കും, കരസേന 25000 പേരെ റിക്രൂട്ട്‌ ചെയ്യും
Kerala

അഗ്നിപഥിൽ ഉറച്ച് കേന്ദ്ര സർക്കാർ ; വ്യോമസേനയിൽ 24ന്‌ രജിസ്‌ട്രേഷൻ തുടങ്ങും, നാവികസേനയിൽ നവംബർ 21ന്‌ പരിശീലനം ആരംഭിക്കും, കരസേന 25000 പേരെ റിക്രൂട്ട്‌ ചെയ്യും

രാജ്യവ്യാപക പ്രക്ഷോഭങ്ങൾ അലയടിക്കുമ്പോഴും നാലുവർഷത്തേക്ക്‌ മാത്രമായി ജവാൻമാരെ റിക്രൂട്ട്‌ ചെയ്യുന്ന അഗ്നിപഥ്‌ പദ്ധതിയിൽനിന്ന്‌ പിൻമാറില്ലെന്ന്‌ കേന്ദ്രസർക്കാർ. അക്രമങ്ങളിൽ ഏർപ്പെടുന്നവരെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രാലയത്തിലെ സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലെഫ്‌. ജനറൽ അനിൽ പുരി അറിയിച്ചു. അഗ്‌നിപഥ്‌ പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നടപടികൾക്ക്‌ കര–-നാവിക–-വ്യോമ സേനകൾ തുടക്കമിട്ടു.

വ്യോമസേനയിൽ അഗ്‌നിപഥ്‌ രജിസ്‌ട്രേഷൻ 24ന്‌ തുടങ്ങും. ജൂലൈ 26 മുതൽ ഓൺലൈൻ പരീക്ഷയാണ്‌. ഡിസംബറോടെ ആദ്യ ബാച്ച്‌ സജ്ജമാകും. ഇവരുടെ പരിശീലനം ഡിസംബർ 30ന്‌ ആരംഭിക്കും. ഞായറാഴ്‌ച പുറത്തുവിട്ട വ്യോമസേനയുടെ അഗ്‌നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ അറിയിപ്പിൽ യോഗ്യതാ വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്‌. നാലുവർഷ കാലയളവിൽ ലഭിക്കുന്ന വേതനം, പിരിയുമ്പോൾ ലഭിക്കുന്ന സേവാനിധിയുടെ വിശദാംശങ്ങൾ, ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാൽ ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടപരിഹാരം, പരിക്കേറ്റാൽ ലഭിക്കുന്ന ധനസഹായം തുടങ്ങിയ വിശദാംശങ്ങളുമുണ്ട്‌. നാവികസേനയിൽ അഗ്‌നിവീറുകളുടെ പരിശീലനം നവംബർ 21ന്‌ ആരംഭിക്കുമെന്ന്‌ വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി അറിയിച്ചു. ഒഡിഷയിലെ ഐഎൻഎസ്‌ ചിൽക്കയിലാണ്‌ പരിശീലനം. വനിതകളുമുണ്ടാകും.

കരസേനയിൽ ആദ്യ ബാച്ചായി കാൽ ലക്ഷം അഗ്‌നിവീറുകളെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ അറിയിച്ചു. ഡിസംബർ ആദ്യവാരം ഇവർ സേനയുടെ ഭാഗമാകും. 2023 ഫെബ്രുവരിയോടെ രണ്ടാം ബാച്ചിനെയും തെരഞ്ഞെടുക്കും. ഇതോടെ സേനയിൽ നാൽപ്പതിനായിരം അഗ്‌നിവീറുകളാകും–-പൊന്നപ്പ പറഞ്ഞു.

അക്രമസമരത്തിലില്ലെന്ന്‌ എഴുതി നൽകണം
അഗ്‌നിപഥിൽ ചേരുന്നതിന്‌ അക്രമസമരങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന്‌ ഉദ്യോഗാർഥികൾ രേഖാമൂലം എഴുതിനൽകണമെന്ന്‌- സൈനികോദ്യോഗസ്ഥർ അറിയിച്ചു. അക്രമസംഭവങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. പൊലീസ്‌ വെരിഫിക്കേഷൻ കൂടാതെ അഗ്‌നിവീറുകൾക്ക്‌ സേനയിൽ ചേരാനാകില്ല. അഗ്‌നിവീറുകൾക്കായി വിവിധ മന്ത്രാലയങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾ അക്രമസംഭവങ്ങളെത്തുടർന്നുള്ളതല്ല. മുൻകൂട്ടി തീരുമാനിച്ചതാണ്‌–- ലെഫ്‌. ജനറൽ അനിൽ പുരി, വൈസ്‌ അഡ്‌മിറൽ ദിനേഷ്‌ ത്രിപാഠി, ലെഫ്‌. ജനറൽ ബൻസി പൊന്നപ്പ, എയർമാർഷൽ എസ്‌ കെ ഝാ എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

അഗ്‌നിവീർ റിക്രൂട്ട്‌മെന്റ്‌ ഭാവിയിൽ ഒന്നേകാൽ ലക്ഷംവരെയാകാം. അടുത്ത നാല്‌–-അഞ്ച്‌ വർഷം അറുപതിനായിരംവരെയായി റിക്രൂട്ട്‌മെന്റ്‌ ഉയരും. പിന്നീട്‌ ഒരു ലക്ഷംവരെയെത്തും. അഗ്‌നിവീറുകൾ എത്തുന്നതോടെ സൈന്യം കൂടുതൽ ചെറുപ്പമാകും.
നിലവിൽ സൈനികരുടെ ശരാശരി പ്രായം മുപ്പതെന്നത്‌ 26 ആയി കുറയും.അതിനിടെ, പദ്ധതിയെപ്പറ്റി വ്യാജപ്രചാരണം നടത്തിയെന്ന്‌ ആരോപിച്ച്‌ 35 വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ കേന്ദ്രസർക്കാർ ഞായറാഴ്ച നിരോധിച്ചു.

Related posts

കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ ബില്ലിൽ തെളിവെടുപ്പ് 24ന്

Aswathi Kottiyoor

പ്ലസ് വൺ ; ആവശ്യമെങ്കിൽ എയ്‌ഡഡ് സ്‌കൂളുകളിലും അധിക ബാച്ച്‌: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 13ന്

Aswathi Kottiyoor
WordPress Image Lightbox