26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ല; അര്‍ഹതയുള്ള എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്: മുഖ്യമന്ത്രി
Kerala

ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ല; അര്‍ഹതയുള്ള എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.2016 ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടുകൂടി കേരളത്തിലെ ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്‍പ്പതു പേര്‍ മാത്രമാണ് നിലവില്‍ റേഷന്‍ സമ്പ്രദായത്തിനു കീഴില്‍ വരുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ടൈഡ് ഓവര്‍ വിഹിതമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളില്‍ നിന്നാണ് നിലവിലെ ഘടനയില്‍ റേഷന്‍ സമ്പ്രദായത്തിന് പുറത്തായ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നല്‍കിവന്നിരുന്ന ആറായിരത്തി നാനൂറ്റി അന്‍പത്തി ഒന്‍പത് മെട്രിക്ക് ടണ്‍ ഗോതമ്പ് കൂടി നിര്‍ത്തലാക്കുകയാണുണ്ടായത്. മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏകദേശം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതുമൂലം റേഷന്‍കടകളില്‍ നിന്നും ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, പൊതുസംവിധാനങ്ങളില്‍ നിന്നെല്ലാം കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ അതിനുള്ള ബദല്‍ അവതരിപ്പിക്കുകയാണ് കേരളം ചെയ്യുന്നത്.

കുതിച്ചുയരുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തില്‍ ജനങ്ങളെ കൈയൊഴിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഒരുക്കുക എന്ന ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കുകയാണ്. പൊതുവിതരണ മേഖലയ്ക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ 2063 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അര്‍ഹതയുള്ള എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അര്‍ഹരായവരെ കണ്ടെത്തി 17,271 എ എ വൈ, 1,35,971 പി എച്ച് എച്ച്, 240 എന്‍ പി എസ് എന്നിങ്ങനെ ആകെ 1,53,482 കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ 1,53,482 മുന്‍ഗണന കാര്‍ഡുകള്‍ക്ക് പുറമെ ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത ശേഷം 2,14,274 പുതിയ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറാക്കിയത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ കാവൽ ; ആലോചന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ

Aswathi Kottiyoor

അവഗണനയുടെ ട്രാക്കിൽ തലശേരി സ്‌റ്റേഷൻ

Aswathi Kottiyoor

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു.

Aswathi Kottiyoor
WordPress Image Lightbox