മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളിൽ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ് എന്നിവരാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരിൽ നിന്നും ഇരുവരും കയറിയപ്പോൾ തന്നെ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്.
ആർസിസിയിൽ രോഗിയെ സന്ദർശിക്കാൻ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാൽ അധികൃതർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളിൽ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.