23.8 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ഓപ്പറേഷൻ ഓവർലോഡിൽ കുടുങ്ങിയത്‌ ലോറികളും മോട്ടോർ വാഹന വകുപ്പും
Kerala

ഓപ്പറേഷൻ ഓവർലോഡിൽ കുടുങ്ങിയത്‌ ലോറികളും മോട്ടോർ വാഹന വകുപ്പും

ഓപ്പറേഷൻ ഓവർലോഡിൽ കുടുങ്ങിയത്‌ ലോറികളും മോട്ടോർ വാഹന വകുപ്പും. അമിതഭാരം കയറ്റിവരുന്ന ലോറികളെ പിഴയീടാക്കാതെ കൈക്കൂലി വാങ്ങി മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ വെറുതെ വിടുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. ഏഴ്‌ ലോറികളാണ്‌ ജില്ലയിൽ പിടിയിലായത്‌.
അനുവദിച്ചതിൽ കൂടുതൽ ഭാരം കയറ്റിയെത്തുന്ന തടി ലോറികളാണ്‌ ഓപ്പറേഷൻ ഓവർ ലോഡിൽ വിജിലൻസ്‌ പരിശോധിച്ചത്‌. അമിതഭാരം ശ്രദ്ധയിൽപെട്ടാൽ നോട്ടീസ്‌ നൽകി ഏറ്റവുമടുത്ത വെയ്‌ബ്രിഡ്‌ജിൽനിന്ന്‌ പരിശോധിച്ച്‌ പിഴയീടാക്കണമെന്നാണ്‌ നിയമം. എന്നാൽ രാത്രികാലങ്ങളിൽ തടി കയറ്റിവരുന്ന ലോറികൾ മുഴുവനും അനുവദിക്കുന്നതിൽ കൂടുതൽ ഭാരം കയറ്റിയാണെത്തുന്നതെന്ന്‌ വിജിലൻസിന്‌ വിവരം ലഭിച്ചിരുന്നു. തുടർന്നാണ്‌ ബുധനാഴ്‌ച രാത്രി 11.30 മുതൽ വ്യാഴാഴ്‌ച പുലർച്ചെ 6.30 വരെ പരിശോധന നടത്തിയത്‌. വിജിലൻസ്‌ എസിപി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ ഷാജി പട്ടേരി, കെ വി പ്രമോദ്‌ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്തരം വാഹനങ്ങളെ കടത്തിവിട്ടതായും ചില വാഹനങ്ങൾക്ക്‌ നോട്ടീസ്‌ നൽകിയശേഷവും കൈക്കൂലി വാങ്ങി ക്രമക്കേട്‌ കാട്ടിയതായും വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ലോറികൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ്‌ നടപടിക്ക്‌ ശുപാർശ ചെയ്‌തു. പരിശോധന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന്‌ ലോറികൾ ഇടറോഡുകളിലും മറ്റും കയറ്റിയിട്ടതായും വിജിലൻസ്‌ കണ്ടെത്തി. ചില വെയ്‌ ബ്രിഡ്‌ജുകളും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്‌. കൂടുതൽ പണം വാങ്ങി തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണിത്‌.

Related posts

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധ തുടങ്ങി

Aswathi Kottiyoor

ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തേണ്ട

Aswathi Kottiyoor

3 ദിവസം കനത്ത ജാഗ്രത; വാഹന പരിശോധന കർശനമാക്കും, ജാഥകൾക്ക് നിയന്ത്രണം.

Aswathi Kottiyoor
WordPress Image Lightbox