കണ്ണൂർ: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച ലിറ്റിൽ ഫോറസ്റ്റ് ചലഞ്ചിന്റെ ഭാഗമായുള്ള മാതൃകാ മിയാവാക്കി വനങ്ങൾ പച്ചപിടിച്ചതോടെ ഇത്തവണത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴവർഗത്തോട്ടങ്ങൾ തയാറാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്.
രണ്ട് മുതൽ 10 സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിച്ചത്. വിവിധ ഇനത്തിൽപ്പെട്ട നാനൂറോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ചെറുവനങ്ങൾ ഒരുക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഫ്രൂട്ട് ഫോറസ്റ്റ് എന്ന പഴവർഗ തോട്ടങ്ങൾ പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
നാട്ടുമാവ്, പ്ലാവ്,പേര, നെല്ലി, റമ്പൂട്ടാൻ, സപ്പോട്ട, മാങ്കോസ്റ്റിൻ, ഞാവൽ, അത്തി, സീതപ്പഴം, ആത്ത തുടങ്ങി 25 ഓളം വൃക്ഷത്തൈകൾ നൽകും. സ്ഥാപനങ്ങളിൽ സൗജന്യമായും വ്യക്തികൾക്ക് സബ്സിഡിയോടെയും വൃക്ഷത്തൈകൾ നൽകി മികച്ച പഴത്തോട്ടങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. കാർബൺ ന്യൂട്രൽ ജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി ഫ്രൂട്ട് ഫോറസ്റ്റ് മാറുമെന്നും പി.പി. ദിവ്യ പറഞ്ഞു.