24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിയാലിന്റെ ഹരിതോർജ ഉത്പാദനം 25 കോടി യൂണിറ്റ്; കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകർ
Kerala

സിയാലിന്റെ ഹരിതോർജ ഉത്പാദനം 25 കോടി യൂണിറ്റ്; കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകർ

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ ഹരിതോർജ ഉത്പാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ സിയാൽ നാളിതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായി. അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഊർജോത്പാദനത്തിന് പുറമെയാണിത്.

2013-ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിന് മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചുകൊണ്ടാണ് സിയാൽ ഹരിതോർജ ഉത്പാദനത്തിന് തുടക്കമിട്ടത്. പരീക്ഷണം വിജയമായതോടെ നിരന്തരം പുതിയ പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടു. 2015-ൽ സിയാൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവിൽ വിമാനത്താവള പരിസരത്ത് മാത്രം സിയാലിന് 8 പ്ലാന്റുകളുണ്ട്. 2022 മാർച്ചിൽ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മിഷൻ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മൊഗാവാട്ടായി ഉയർന്നു. പയ്യന്നൂർ പ്ലാന്റിൽ നിന്നു മാത്രം നാളിതുവരെ ഒരു കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. 2022 നവംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അരിപ്പാറ ജല വൈദ്യുതിയിൽ നിന്ന് 75 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

സിയാലിന്റെ സൗരോർജ പദ്ധതിയിൽ നിന്നുള്ള ഊർജ ഉത്പാദനം 25 കോടി പിന്നിട്ടതോടെ പരിസ്ഥിതി സൗഹാർദവികസന മാതൃകയിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ്. ഇതോടെ 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്ര ഒഴിവാക്കാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സൗഹാർദവും സുസ്ഥിരവുമായ പരമാവധി പദ്ധതികൾ നടപ്പിലാക്കുകയെന്നതാണ് സിയാലിന്റെ വികസന നയമെന്ന് മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. 1.6 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം. നാലുകോടി യൂണിറ്റ് അധിക വൈദ്യുതിയാണ് ഇതുവരെ സംസ്ഥാന ഗ്രിഡിലേയ്ക്ക് നൽകിയിട്ടുള്ളത്. വൈദ്യുതി ബോർഡ് കഴിഞ്ഞാൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജ ഉത്പാദകരാണ് സിയാൽ – സുഹാസ് പറഞ്ഞു.

സൗരോർജ പ്ലാന്റുകളിൽ പച്ചക്കറി കൃഷി നടപ്പിലാക്കാനായി അഗ്രി ഫോട്ടോ വോൾട്ടായിക് രീതി സിയാൽ ഈയിടെ നടപ്പിലാക്കിയിരുന്നു. ഇതുവരെ 90 മെട്രിക് ടൺ ജൈവ പച്ചക്കറി, കാർഗോ ടെർമിനലിനടുത്തുള്ള പ്രധാന പ്ലാന്റിൽ നിന്ന് ലഭിച്ചു.

Related posts

തിരുവപ്പന വെള്ളാട്ടം

Aswathi Kottiyoor

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.

Aswathi Kottiyoor

മഴക്കാലം, കരുതലോടെ വരവേല്‍ക്കാം…; മഴക്കാലത്ത് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക; ഡോ: എം.വി. മുഹമ്മദ്

Aswathi Kottiyoor
WordPress Image Lightbox