ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യകേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.
2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞു തകര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പകരമാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച 2. 32 കോടി രൂപ ഉപയോഗിച്ച് വള്ളിത്തോട്ടില്‍ കുടുംബാരോഗ്യകേന്ദ്രം നിര്‍മിച്ചത്.
കെട്ടിടം നിര്‍മിക്കാന്‍ വള്ളിത്തോട് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് ഒന്നര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഷാരോണ്‍ ചര്‍ച്ചിന്റെ പഴയ കെട്ടിടത്തിലായിരുന്നു താത്കാലികമായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു സ്ഥിരം ഡോക്ടര്‍മാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.
അത്യാഹിത വിഭാഗം, ഗര്‍ഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്പ്, മുലയൂട്ടല്‍ കേന്ദ്രം, മൂന്നു ഒപി കൗണ്ടറുകള്‍, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവയ്ക്ക് പ്രത്യേക സൗകര്യമുണ്ടാകും. വിശാലമായ കോണ്‍ഫറന്‍സ് ഹാളുമുണ്ട്. കിടത്തി ചികിത്സയില്ലെങ്കിലും അടിന്തരഘട്ടത്തില്‍ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാന്‍ സാധിക്കും.
ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡപ്യൂട്ടി ഡിഎംഒ ഡോ. വി. പി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒപി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ലാബ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ഇമ്യൂണൈസേഷന് ബ്ലോക്ക് പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാറും മീറ്റിംഗ് ഹാള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകനും ഉദ്ഘാടനം ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജിനെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. പി. രവീന്ദ്രന് ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. പ്രമീള, പി. എന്‍. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്തംഗം മിനി പ്രസാദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ. സി. ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത രജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെബിന് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.