21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ കടവും സർക്കാരിന്റെ തലയിൽ; സർക്കാർ ബാധ്യത 31,800 കോടി കൂടി
Kerala

പൊതുമേഖലാ സ്ഥാപനങ്ങളുടെ കടവും സർക്കാരിന്റെ തലയിൽ; സർക്കാർ ബാധ്യത 31,800 കോടി കൂടി

സംസ്ഥാനത്തെ കോർപറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടക്കം 36 അർ‌ധ സർക്കാർ സ്ഥാപനങ്ങളുടെ കടം 31,800 കോടി രൂപയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) വർഷാന്ത്യ റിപ്പോർട്ട്. ഗാരന്റീസ് ആക്ട് പ്രകാരം ഇൗ സ്ഥാപനങ്ങൾ എടുത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാധ്യത സർക്കാരിന്റെ ചുമലിലാകും.

കിഫ്ബിയുടെയും കൊച്ചി മെട്രോയുടെയും കടങ്ങളും സർക്കാർ ബാധ്യതകളുടെ പട്ടികയിൽ സിഎജി ഉൾപ്പെടുത്തി. ഇത് സിൽവർലൈൻ പദ്ധതിക്കായി കിഫ്ബി വഴിയും ഹഡ്കോയിൽ നിന്നും സർക്കാർ എടുക്കാൻ ലക്ഷ്യമിടുന്ന വായ്പകളെയും ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി. സർക്കാർ ജാമ്യത്തിൽ എടുത്ത വായ്പത്തുക സർക്കാരിന് ഇൗ വർഷം കടമെടുക്കാവുന്ന 32,435 കോടിയിൽ നിന്നു കുറവു ചെയ്യുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മറ്റു സ്ഥാപനങ്ങൾ എടുത്ത വായ്പകളെല്ലാം കേന്ദ്രം വെട്ടിക്കുറച്ചാൽ ഇൗ വർഷം സർക്കാരിനു കടമെടുക്കാൻ‌ കഴിയുന്ന തുക വെറും 1,000 കോടിയിൽ താഴെയാവും. അതിനാൽ, സ്ഥാപനങ്ങളുടെ കടം സർക്കാരിന്റെ കണക്കിൽ പെടുത്തരുതെന്നു കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം. മൂന്നേകാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം.

സിഎജി മാർച്ച് 31ന് തയാറാക്കിയ കണക്കനുസരിച്ച് കെഎസ്എഫ്ഇ (12,974 കോടി), കോ–ഓപ്പറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് (5,830 കോടി), കെഎസ്ആർടിസി (3,178 കോടി), കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (3,054 കോടി), സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റ‍ഡ് (1,773 കോടി), കൊച്ചി മെട്രോ (1,110 കോടി), പിന്നാക്ക വികസന കോർപറേഷൻ (1,078 കോടി), കെടിഡിഎഫ്സി (832 കോടി), കിഫ്ബി (550 കോടി) എന്നിങ്ങനെയാണു കടമെടുത്തിട്ടുള്ളത്.

Related posts

ട്രഷറി ഓൺലൈൻ സേവനം മുടങ്ങും

Aswathi Kottiyoor

സീഡിങ് കേരള ; സ്റ്റാര്‍ട്ടപ് ഉച്ചകോടി തുടങ്ങി

Aswathi Kottiyoor

രാസവളങ്ങളുടെ വില കുത്തനെ കൂട്ടി*

Aswathi Kottiyoor
WordPress Image Lightbox