22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • പയഞ്ചേരിമുക്ക് – നേരംപോക്ക് റോഡിനെന്ന് ശാപമോക്ഷം ലഭിക്കും
Iritty

പയഞ്ചേരിമുക്ക് – നേരംപോക്ക് റോഡിനെന്ന് ശാപമോക്ഷം ലഭിക്കും

ഇരിട്ടി: വാഹനത്തിരക്കിൽ നിന്നും ഒഴിവായി നേരംപോക്ക് റോഡിൽ നിന്നും പയഞ്ചേരി മുക്കിൽ ഇരിട്ടി – മട്ടന്നൂർ അന്തർ സംസ്ഥാന പാതയിൽ എത്താനുള്ള എളുപ്പ വഴി. പയഞ്ചേരിമുക്കിൽ നിന്നും ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ എത്താനുള്ള തിരക്കൊഴിഞ്ഞ പാത . ഇത്രയും പ്രാധാന്യമേറിയ പയഞ്ചേരിമുക്ക് – നേരംപോക്ക് റോഡിനെ ഇരിട്ടി നഗരസഭ മറന്ന മട്ടാണ്. വർഷങ്ങളായി തകർന്ന് കിടന്നിരുന്ന റോഡിനെ കഴിഞ്ഞ വർഷം കാലവർഷത്തിന് മുൻപ് കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തും ബാക്കിഭാഗം ടാർചെയ്തും ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ റോഡിന് ശാപമോക്ഷമായി എന്ന് കരുതിയിരിക്കേ പ്രവർത്തിക്കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ കാലവർഷം തുടങ്ങിയതോടെ റോഡ് തകർന്നു. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇളകി കുണ്ടും കുഴിയുമായി. ഇപ്പോൾ ഒരു റോഡെന്ന് പോലും പറയാൻ പറ്റാത്തവിധം പരിതാപകരമാണ് ഈ റോഡിന്റെ സ്ഥിതി.
ഈ റോഡിലെ കയറ്റത്തിൽ ഐ എം എ എൽ പി സ്‌കൂളിന് മുന്നിലും ഇരിട്ടി ഹൈസ്‌കൂൾ തട്ടിലും നേരമ്പോക്ക് റോഡിലെ ബി എസ് എൻ എൽ ഓഫീസ് പരിസരത്തുമായി എട്ടോളം മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇരിട്ടി – മട്ടന്നൂർ അന്തർ സംസ്ഥാന പാതയിൽ നിന്നും വിവിധ മൊബൈൽ കമ്പനികളുടെ ഇത്തരം ടവറുകളിലേക്ക് കേബിൾ വലിക്കുന്നത് ഈ റോഡ് വഴിയാണ്. ഇടക്കിടെയുള്ള കേബിൾ ജോലികളും റോഡിനെ നിരന്തരം തകർത്തുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം റോഡിനോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കുന്നിടിക്കലും റോഡ് ചെളിക്കുളമാകാൻ ഇടയാക്കുന്നു. ഇത്തരം കുന്നിടിക്കൽ പ്രദേശങ്ങളിൽ നിന്നും ഒഴുകിവരുന്ന ചെളിയും വെള്ളവും റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ഇതെല്ലാം കണ്ടിട്ടും ഇരിട്ടി നഗരത്തോട് ചേർന്ന് കിടക്കുന്നതും ഇരിട്ടി നഗരസഭയിലെ ഏറെ പ്രാധാന്യമേറിയതുമായ ഈ റോഡിന്റെ കാര്യത്തിൽ നഗരസഭ കാണിക്കുന്ന മൗനത്തിൽ നാട്ടുകാർക്ക് ഏറെ അമർഷമുണ്ട്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Related posts

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് — സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ

Aswathi Kottiyoor

കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ

Aswathi Kottiyoor

നബാർഡ് പദ്ധതി – ആറളം ഫാമിൽ രണ്ടു എൽ പി സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox