സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ ബംഗാളിനെ വീഴ്ത്തി കേരളം കിരീടം ചൂടി. അധിക സമയത്തിലേക്ക് നീണ്ട കളിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ടൈബ്രേക്കറിൽ 5-4 ന് കേരളം വിജയിച്ചു.
അധിക സമയത്തിലേക്ക് നീണ്ട കളിയിൽ 96-ാം മിനുട്ടിൽ ദിലീപ് ഓറന്റെ തകർപ്പൻ ഗോളിലാണ് ബംഗാൾ മുന്നിലെത്തിയത്. കേരളത്തിന്റെ പ്രതിരോധത്തിൽ വന്ന വീഴ്ചയാണ് ഗോളിന് വഴി തുറന്നത്.117-ാം മിനുട്ടിൽ സുന്ദര മുന്നേറ്റത്തിലൂടെ കേരളം ഗോൾ മടക്കി . നൗഫലിന്റെ ക്രോസിൽ സഫ്നാദിന്റെ സുന്ദര സമനില ഗോൾ . അധിക സമയം പിന്നിട്ടതോടെ കളി ടൈബ്രേക്കറിലേക്ക് . ബംഗാളിന്റെ സജൽ മാഗിന്റെ കിക്ക് പുറത്തേക്ക് . എല്ലാ കിക്കും വലയിലാക്കി കേരളം കിരീടമണിഞ്ഞു.
മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കലാശപ്പോര് ആരംഭിച്ചത്.
ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. വീണു കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കി. 32-ാം മിനുട്ടിൽ കേരളത്തിന് ലഭിച്ച സുവർണാവസരം വിഘ്നേഷ് പാഴാക്കി. ഗോളി മാത്രം മുന്നിൽ നിൽക്കെ വിഘ്നേഷിന്റെ ഷോട്ട് പുറത്തേക്ക് . 33-ാം മിനുട്ടിൽ സഞ്ജുവിന്റെ അളന്നു മുറിച്ച ഷോട്ട് ബംഗാൾ ഗോളി തടഞ്ഞു. 36ാം മിനുട്ടിൽ ബംഗാളിന്റെ ഫർദിൻ അലിയുടെ വെടിയുണ്ട കേരള ഗോളി മിഥുൻ തടുത്തു. വിഘ്നേഷിനും നിജോ ഗിൽബർട്ടിനും പകരക്കാരായി ടി കെ ജസിനും പി എൻ നൗഫലും ഇറങ്ങി. 43-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്കും കേരളത്തിന് ഗോളാക്കാനായില്ല.
സെമിയിൽ കർണാടകയെ 7–-3ന് തകർത്താണ് ആതിഥേയർ കുതിച്ചത്. ബംഗാൾ മണിപ്പുരിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. കേരളത്തിനിത് 15–-ാം ഫൈനൽ. ബംഗാളിന് 46. ബിനോ ജോർജിന്റെ ശിക്ഷണത്തിൽ ജിജോ ജോസഫ് നയിക്കുന്ന സംഘം ഗ്രൂപ്പ് മത്സരത്തിൽ ബംഗാളിനെ രണ്ടുഗോളിന് തോൽപ്പിച്ചിരുന്നു.
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ- നേര്‍ന്നു.
ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നു. നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ നൗഫലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവർക്കും ആശംസകൾ-അനുമോദന സന്ദേശത്തില്‍ പറഞ്ഞു.