24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി*
Kerala

സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി*


കോവിഡ് മഹാമാരി സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം മറികടന്ന് വളർച്ചകൂട്ടാനുള്ള ഉപാധിയായി കുറഞ്ഞപലിശയെന്ന ആശയത്തിന് അവസാനമാകുന്നു. സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എം.സി.എൽ.ആർ.) അധിഷ്ഠിത പലിശ നിരക്കിലാണ് ആദ്യം വർധന നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 0.10 ശതമാനവും ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ 0.05 ശതമാനം വീതവുമാണ് വർധിപ്പിച്ചത്.
മറ്റുബാങ്കുകളും വരുംദിവസങ്ങളിൽ നിരക്കിൽ വർധന വരുത്തുമെന്നാണ് വിവരം. മൂന്നുവർഷത്തിനുശേഷമുള്ള ആദ്യ വായ്പപ്പലിശ വർധനയാണിത്.
എം.സി.എൽ.ആർ. അധിഷ്ഠിതമായി പലിശ കണക്കാക്കുന്ന വായ്പകൾക്കു മാത്രമായിരിക്കും ഇപ്പോൾ പലിശ കൂടുക. ഈ വിഭാഗങ്ങളിലെ വായ്പകളുടെ ഇ.എം.ഐ. കൂടും.
2016 ഏപ്രിൽ ഒന്നിനാണ് എം.സി.എൽ.ആർ. നടപ്പാക്കിയത്. ബാങ്കുകൾക്ക് നൽകാവുന്ന ഏറ്റവുംകുറഞ്ഞ പലിശയാണിത്. 2019 ഒക്ടോബറിനുമുമ്പ് എടുത്തിട്ടുള്ള കോർപ്പറേറ്റ് വായ്പകൾ, ഫ്ളോട്ടിങ് നിരക്കിലുള്ള വായ്പകൾ എന്നിവയ്ക്കാണ് ഇതു ബാധകമാകുക.
2019 ഒക്ടോബറിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് അല്ലെങ്കിൽ ട്രഷറി ബിൽ നിരക്ക് അടിസ്ഥാനമാക്കിയുള്ള എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് സംവിധാനം കൊണ്ടുവന്നു. ഇത്തരം വായ്പകൾക്ക് ഇപ്പോഴത്തെ നിരക്കുവർധന ബാധകമാകില്ല. നിലവിൽ ബാങ്കുകളിലെ 53.1 ശതമാനം വായ്പകളും എം.സി.എൽ.ആർ. അധിഷ്ഠിത പലിശയിലുള്ളതാണ്

Related posts

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും.*

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox