20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇന്ന്‌ ലോക പൈതൃകദിനം ; തിരികെയെത്തുന്നു പൈതൃക പ്രതാപം
Kerala

ഇന്ന്‌ ലോക പൈതൃകദിനം ; തിരികെയെത്തുന്നു പൈതൃക പ്രതാപം

കാലപ്രവാഹത്തെ അതിജീവിച്ച ചരിത്രസ്‌മാരകങ്ങളും നിർമിതികളും വരുംതലമുറക്കായി കൂടുതൽ മനോഹരമാക്കി കരുതിവയ്‌ക്കുകയാണ്‌ തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ. മലയാളത്തിലെ ആദ്യ വർത്തമാന പത്രം പിറവിയെടുത്ത ഇല്ലിക്കുന്നിലെ ഗുണ്ടർട്ട്‌ ബംഗ്ലാവ്‌ മുതൽ ബ്രഹ്മഗിരി താഴ്‌വരയിലെ തിരുനെല്ലി ക്ഷേത്രംവരെ നവീകരിക്കുന്നു. സെന്റ്‌ ജോൺസ്‌ ആംഗ്ലിക്കൻ പള്ളിക്കും സെമിത്തേരിക്കും ഇപ്പോൾ പുതുമോടിയാണ്‌. ശ്രീനാരായണഗുരു പ്രതിഷ്‌ഠ നടത്തിയ ജഗന്നാഥക്ഷേത്രത്തിന്റെയും മോടികൂട്ടുന്നു. കോടിയേരി ബാലകൃഷ്‌ണൻ ടൂറിസംമന്ത്രിയായിരിക്കെയാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ ജില്ലകളിലെ ഒമ്പത്‌ മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും പൈതൃകങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്‌.

ഗുണ്ടർട്ട്‌ ബംഗ്ലാവ്‌ ഭാഷയുടെ കഥപറയും
ശിൽപ്പഭംഗി നിലനിർത്തി ഹെർമൻ ഗുണ്ടർട്ടിൻെറ ബംഗ്ലാവ്‌ ഭാഷയുടെ കഥപറയുന്ന മ്യൂസിയമായി. അലങ്കാരവിളക്കും ചുറ്റുമതിലും പൂന്തോട്ടവും സജ്ജമായാൽ മ്യൂസിയം തുറക്കും. കൊട്ടിയൂർ, തൊടീക്കളം, വള്ളിയൂർകാവ്‌ ക്ഷേത്രങ്ങളിലെ പ്രവൃത്തിയും അവസാനഘട്ടത്തിൽ. മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശി മ്യൂസിയം ഈമാസം പൂർത്തിയാവും. മക്രേരി ക്ഷേത്ര നവീകരണവും സംഗീത മ്യൂസിയം നിർമാണവും പുരോഗമിക്കുന്നു.
61 വിനോദ സഞ്ചാരകേന്ദ്രങ്ങൾ വികസിക്കും
വാണിജ്യ പ്രതാപത്തിന്റെ അടയാളമായ തലശേരിയിലെ പൈതൃകവീഥിയുടെയും കടലോര വിശ്രമകേന്ദ്രത്തിന്റെയും നവീകരണം പൂർത്തിയായി. ബ്രിട്ടീഷ്‌കാലത്തെ ഫയർ ടാങ്ക്‌ പെർഫോമിങ്ങ്‌ സെന്ററാക്കി. ജഗന്നാഥക്ഷേത്രത്തിലെ വഴികൾ കല്ല്‌ പാകി സംരക്ഷിക്കുന്നു. അണ്ടലൂർക്കാവിലെ വികസനവും നാടിന്റെ കൈയടി നേടിയതാണ്‌. ആദ്യഘട്ടം ഭരണാനുമതി ലഭിച്ച ഒമ്പത്‌ പദ്ധതിയും പൂർത്തിയാവുകയാണ്‌. ഹാർബർ ടൗൺ, പഴശ്ശി, ഫോക്‌ലോർ, കൾച്ചറൽ സർക്യൂട്ടുകളിലായി 61 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌ വികസിപ്പിക്കുന്നത്‌.
ഓടത്തിൽ പള്ളി നവീകരണം തുടങ്ങി
300 വർഷം പഴക്കമുള്ള തലശേരി ഓടത്തിൽ പള്ളിയും നവീകരിക്കുകയാണ്‌. മേൽക്കൂരയിലെ ചെമ്പുതകിട്‌ മാറ്റി താഴികക്കുടങ്ങൾ സ്വർണം പൂശി പുനഃസ്ഥാപിക്കും. കാടുമൂടിക്കിടന്ന കുളവും നവീകരിക്കുന്നു. കേയി കുടുംബത്തിന്റെ ആരാധനാലയമാണിത്‌. കുടുംബാംഗങ്ങളിൽനിന്ന്‌ തുക സമാഹരിച്ചാണ്‌ നവീകരണം. കേയി വംശപരമ്പരയിലെ മൂസക്കാക്കയാണ്‌ ഡച്ചുകാരുടെ കരിമ്പിൻതോട്ടം വിലയ്‌ക്ക്‌ വാങ്ങി പള്ളി നിർമിച്ചത്‌. തിരുവിതാംകൂർ രാജാവ്‌ നൽകിയ തേക്കിൻതടി ഉപയോഗിച്ചായിരുന്നു നിർമാണം.

Related posts

ബാങ്കുകളിൽ നിന്നും പണം ലഭ്യമാകുന്നതനുസരിച്ച് ട്രഷറിയിൽ വിതരണം

Aswathi Kottiyoor

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​രെ കൊ​ല്ലു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor
WordPress Image Lightbox