23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്വിറ്ററിനെ മൊത്തമായെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്‍റെ നീക്കം; പ്രതിരോധം തീര്‍ത്ത് ഡയറക്ടര്‍ബോര്‍ഡ്
Kerala

ട്വിറ്ററിനെ മൊത്തമായെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്‍റെ നീക്കം; പ്രതിരോധം തീര്‍ത്ത് ഡയറക്ടര്‍ബോര്‍ഡ്

ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നിഷേധിച്ചതിന് പിന്നാലെ ട്വിറ്ററിന് വിലയിട്ട് രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. 4100 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാമെന്നും ഈ മികച്ച ഓഫര്‍ തള്ളിയാല്‍ ഓഹരി ഉടമയെന്ന തന്റെ സ്ഥാനം പുഃനപരിശോധിക്കേണ്ടി വരുമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം.

കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തന രീതി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇലോണ്‍ മസ്‌കിന്. ഓഹരി വാങ്ങിയത് മുതല്‍ താനത് മനസിലാക്കുന്നുവെന്നും ട്വിറ്റര്‍ ഒരു സ്വകാര്യ കമ്പനിയായി മാറേണ്ടതുണ്ടെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.

എന്നാല്‍, കമ്പനിയെ മൊത്തമായി ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ നീക്കത്തെ നഖശിഖാന്തം എതിര്‍ക്കാനുള്ള നീക്കത്തിലാണ് ട്വിറ്ററിന്റെ ഡയറക്ടര്‍ബോര്‍ഡ്. ഇതിന്റെ ഭാഗമായി പരിമിതകാലത്തേക്കുള്ള പുതിയ റൈറ്റ്‌സ് പ്ലാനിന് (Right’s Plan) ബോര്‍ഡ് അംഗീകാരം നല്‍കി.

കമ്പനിയെ മുഴുവനായി ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിച്ചാല്‍ മറ്റ് ഓഹരി ഉടമകളില്‍ ചിലര്‍ക്കും കമ്പനിയില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള അനുവാദം റൈറ്റ്‌സ് പ്ലാനിലൂടെ ലഭിക്കും. ഇതുവഴി ഒരു സംഘടനയോ വ്യക്തിയോ കമ്പനിയുടെ സമ്പൂര്‍ണാധികാരം സ്വന്തമാക്കുന്നത് തടയാനാവും. എല്ലാ ഓഹരി ഉടമകള്‍ക്കും ഉചിതമായ കണ്‍ട്രോള്‍ പ്രീമിയം നല്‍കാതെയും തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് സമയം നല്‍കാതെയും ഒരു വ്യക്തിയോ സ്ഥാപനമോ കമ്പനിയുടെ നിയന്ത്രണം നേടാനുള്ള സാധ്യത റൈറ്റ്‌സ് പ്ലാനിലൂടെ കുറയും. 2023 ഏപ്രില്‍ 14 വരെയാണ് റൈറ്റ്‌സ് പ്ലാനിന്റെ കാലാവധി.

ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ബോര്‍ഡ് ബന്ദിയാക്കപ്പെടില്ലെന്ന് ട്വിറ്റര്‍ സി.ഇ.ഒ. പരാഗ് അഗ്രവാള്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ബോര്‍ഡിന്റെ പുതിയ പ്രതിരോധ നീക്കം.

ഏറെ നാടകീയമായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലേക്ക് കടന്നുവന്നത്. മാര്‍ച്ച് 24-ന് തന്നെ ഇലോണ്‍ മസ്‌കിന്റെ ഓഹരി ഇടപാടിന് സാധുത വന്നിരുന്നുവെങ്കിലും അക്കാര്യം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയത്. ഏറ്റവും വലിയ ഓഹരിയുടമയായി ഇലോണ്‍ മസ്‌ക് മാറിയതോടെ അദ്ദേഹം ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കടന്നുവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. കമ്പനിയും ഇക്കാര്യം പ്രഖ്യാപിച്ചു. ഡയറക്ടറായുടെ ഇലോണ്‍ മസ്‌കിന്റെ വരവ് ട്വിറ്ററിന്റെ നയങ്ങളെ വിപരീതമായി സ്വാധീനിച്ചേക്കുമെന്ന വിമര്‍ശനമുയര്‍ന്നു. അതിനിടയിലാണ് താന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കില്ലെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ഈ തീരുമാനത്തോടെ ട്വിറ്ററില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള വിലക്ക് നീങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മസ്‌ക് കമ്പനിയ്ക്ക് വിലയിട്ട് രംഗത്തെത്തിയത്. ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം പുറത്തുവന്നതോടെ ട്വിറ്റര്‍ ഓഹരി 12 ശതമാനം വര്‍ധിച്ചു.

Related posts

നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

Aswathi Kottiyoor

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ;സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor

740.52 കോടിയുടെ ബജറ്റ്‌ ; ഭിന്നശേഷി കുട്ടികൾക്ക്‌ 145 കോടി

Aswathi Kottiyoor
WordPress Image Lightbox