24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പായം പഞ്ചായത്തിൽ പെരുമ്പറമ്പിൽ ഇരിട്ടി ഇക്കോ പാർക്ക് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നു
Iritty

പായം പഞ്ചായത്തിൽ പെരുമ്പറമ്പിൽ ഇരിട്ടി ഇക്കോ പാർക്ക് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നു


ഇരിട്ടി: പായം പഞ്ചായത്തിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമ്മാണപ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ മാസം 18 ന് പാർക്കിന്റെ ഉദ്‌ഘാടനം നടത്തുവാനുള്ള ഒരുക്കങ്ങളാണ് തകൃതിയായി നടന്നു വരുന്നത്.
പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ ബാവലി പുഴയോരം അതിരിട്ടു നിൽക്കുന്ന പത്തേക്രയോളം സ്ഥലമാണ് ഇതിനായി വിനിയോഗിക്കുക. പഴശ്ശി പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട ഭൂമിയിൽ വെള്ളം കയറാത്ത ഈ പ്രദേശം 30 വര്ഷങ്ങള്ക്കു മുൻപ് വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന് കൈമാറുകയും 1988 ൽ ഇവിടെ മഹാത്മാഗാന്ധിയുടെ പേരിൽ പാർക്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംരക്ഷിക്കാനാളില്ലാതെ സാമൂഹ്യദ്രോഹികളുടെ കടന്നു കയറ്റത്തിൽ രണ്ടു വര്ഷം കൊണ്ട് തന്നെ മനോഹരമായിരുന്ന പാർക്ക് നശിക്കുകയും ചെയ്തു.
സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ കയ്യിൽ പത്തേക്രയോളം സ്ഥലമുള്ളതിൽ പകുതിയോളം സ്ഥലത്ത് അക്കേഷ്യ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കയാണ്. ബാക്കിയുള്ള പഴയപാർക്ക് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇക്കോ പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ബാക്കി ഭാഗം കൂടി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമവും നടന്നു വരുന്നു.
നട്ടുച്ചക്കും കുളിരുപകർന്ന് വൻ മരങ്ങൾ തണലുവിരിച്ചു നിൽക്കുന്ന മനോഹരമായ ഭൂപ്രകൃതിയുള്ള സ്ഥലമാണ് ഇവിടം. ചെറിയ ഉദ്യാനം, ടൂറിസ്റ്റുകൾക്കുള്ള ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം , ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ പ്രവർത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. വൻ മരങ്ങളെല്ലാം അതേപടി നില നിർത്തി അടിക്കാടുകൾ വെട്ടിത്തെളിയിച്ച് പാർക്കിനകത്ത് നടപ്പാതകൾ നിർമ്മിക്കുന്ന പ്രവർത്തിയും നടന്നു വരുന്നു. കഫറ്റേരിയകളും ഐസ്ക്രീം പാർലറുകളും മറ്റും ഒരുക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതോടൊപ്പം പൊതു പരിപാടികളും മറ്റും സംഘടിപ്പിക്കുവാനുതകുന്ന രീതിയിലുള്ള ഒരു ഓപ്പൺ ഓഡിറ്റോറിയത്തിനുള്ള നിർദ്ദേശവും പദ്ധതിയുടെ ഭാഗമാണ്.
പഞ്ചായത്തിന്റെ മേൽക്കയ്യിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് ഇതിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നതെന്ന് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുൻ പായം പഞ്ചായത്ത് മെമ്പർ കൂടിയായ സുശീൽ ബാബു പറഞ്ഞു. സെക്ഷൻ ഫോറസ്റ്റർ ആണ് കമ്മിറ്റിയുടെ സിക്രട്ടറി. 18 ന് മന്ത്രി എ.കെ. ശശീന്ദ്രനെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെരുമ്പറമ്പിൽ ഇക്കോ പാർക്ക് വരുന്നതോടെ ഇരിട്ടിക്കൊരു ഉല്ലാസകേന്ദ്രം എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. ഇതിന്റെ നേരെ മറുകരയിൽ ഇരിട്ടി – എടക്കാനം – പഴശ്ശി പദ്ധതി റോഡിനോട് ചേർന്ന് കിടക്കുന്ന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കയ്യിലുള്ള വള്ള്യാട് സഞ്ജീവനി വനവും, തൊട്ടു തന്നെ കിടക്കുന്ന പതിനഞ്ചേക്കറോളം വരുന്ന അകം തുരുത്തി ദ്വീപും കൂട്ടിയിണക്കിക്കൊണ്ടുള്ള ടൂറിസം പദ്ധതികളും രൂപ കൽപ്പന ചെയ്തു നടപ്പിലാക്കണ മെന്ന ആവശ്യവും പലകോണിൽ നിന്നും ഉയരുന്നുണ്ട്. പടിയൂർ പഞ്ചായത്തിലെ നിർദ്ദിഷ്ട ടൂറിസം പദ്ധതിയും കൂടിയാകുമ്പോൾ ഇരിട്ടി മേഖലയെ കണ്ണൂർ ജില്ലയിലെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാൻ കഴിയും എന്നാണ് ഇവർ പറയുന്നത്

Related posts

കുന്നോത്ത് ആദിവാസിയുടെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നിക്കിയ സംഭവം വൻ വിവാദമാകുന്നു: രാഷ്ടീയ ഗുഢാലോചന അന്വേഷിക്കണമെന്ന് ബി ജെ പി യും കോൺഗ്രസും

Aswathi Kottiyoor

മത്സ്യ വിൽപ്പന ചാലഞ്ച് – ഒറ്റദിവസം വിറ്റുപോയത് നാല് ക്വിന്റലോളം മത്സ്യം

Aswathi Kottiyoor

പത്ത് വർഷത്തിനുശേഷം പഴശ്ശി കനാലുകൾ വെള്ളമൊഴുക്കാൻ സജ്ജമാകുന്നു – മെയ് അവസാനം ട്രയൽ റൺ

Aswathi Kottiyoor
WordPress Image Lightbox