24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 30 ആഴ്‌ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി.
Kerala

30 ആഴ്‌ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി.

കൊച്ചി ∙ ഗർഭസ്ഥ ശിശുവിനു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു പാലക്കാട് സ്വദേശിനിയുടെ 30 ആഴ്‌ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ‘ഈ ഗർഭഛിദ്രത്തിനു ദൈവം ദമ്പതികളോടു പൊറുക്കട്ടെ, അവർ ആഗ്രഹിക്കുന്നതുപോലെ ഒരു കുഞ്ഞിനെ അവർക്കു നൽകട്ടെ’ എന്ന ആശംസയോടെയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അനുമതി നൽകിയത്.

വിവാഹത്തിനു ശേഷം ചികിത്സയെത്തുടർന്നാണ് 26 വയസ്സുകാരി ഗർഭിണിയായത്. 21 ആഴ്ച പൂർത്തിയായപ്പോൾ സ്കാനിങ്ങിൽ പ്രശ്നമൊന്നും കണ്ടിരുന്നില്ല. എന്നാൽ 29–ാം ആഴ്ചയിൽ നടത്തിയ സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന്റെ തലയോട്ടിക്കുള്ളിൽ രക്തസ്രാവം ഉൾപ്പെടെയുള്ള ഗുരുതരപ്രശ്നങ്ങൾ കണ്ടെത്തി. തുടർന്നാണു ഗർഭഛിദ്രത്തിന് അനുമതി തേടി ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിക്കാനും പരിശോധിക്കാനും കോടതി നിർദേശം നൽകി.

ജനിക്കുന്ന കുഞ്ഞിനു സെറിബ്രൽ പാൾസി പോലെയുള്ള ഗുരുതര രോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഗർഭാവസ്ഥ തുടരുന്നതു ഹ‍ർജിക്കാരിക്കു ഗുരുതരമായ ശാരീരിക, മാനസിക ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും ജീവനുതന്നെ ഭീഷണിയുണ്ടാക്കുമെന്നും ബോർഡ് റിപ്പോർട്ട് നൽകി.

നിലവിലെ നിയമമനുസരിച്ച് 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഗർഭപാത്രത്തിൽ ജീവനുള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ ഈ കോടതിക്ക് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. എന്നാൽ ചില സാഹചര്യങ്ങളിൽ, നിയമം അനുവദിക്കുന്നുണ്ട്. ദൈവം സ്രഷ്ടാവും സംഹാരകനുമാണെന്നും അതിനാൽ പ്രാർഥനയോടെ കോടതി നിയമാധികാരം പ്രയോഗിക്കുകയാണെന്നും വിധിന്യായത്തിൽ പറയുന്നു.

Related posts

നികുതിവരുമാനം ഗണ്യമായി ഉയർന്നു ; തനതുവരുമാന വർധന അംഗീകരിച്ച്‌ സിഎജി

Aswathi Kottiyoor

റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട

Aswathi Kottiyoor
WordPress Image Lightbox