ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മലയോരത്തും സൗകര്യം. ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 145 ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നതിന്റെ ഭാഗമായാണ് കേളകത്തും ഇരിട്ടിയിലും വൈദ്യുത തൂണുകളില്‍ ചാര്‍ജിംഗ് സംവിധാനം നിലവില്‍ വന്നത്. കേളകം പോലീസ് സ്റ്റേഷനു മുന്നിലായാണ് ചാര്‍ജിംഗ് സ്പോട്ട്.
സംസ്ഥാനത്തുടനീളം 1500 ടൂവീലര്‍, ത്രീ വീലര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും 62 കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും തുടങ്ങാനുള്ള കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത്. സ്വകാര്യ ഏജന്‍സികളാണ് ചാര്‍ജിംഗ് സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കുക.
കണ്ണൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. നിലവിലുള്ള വൈദ്യുത തൂണുകളില്‍ തന്നെയാണ് ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്നത്. ഇതിലൂടെ റോഡരികില്‍ പാര്‍ക്ക് ചെയ്തുകൊണ്ട് തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെ പോലെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമല്ല ഇത്. അതുകൊണ്ടുതന്നെ ബാറ്ററി മുഴുവനായും ചാര്‍ജ് ആകാന്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്ക് ചാര്‍ജ് കുറവാണെങ്കില്‍ ഇത്തരം പോയിന്റുകളില്‍ വാഹനം കണക്ട് ചെയ്ത ശേഷം പോകാം എന്നതാണ് നേട്ടം.
മൊബൈല്‍ ആപ്പ് വഴിയാണ് തുക അടയ്ക്കേണ്ടത് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇതിനുള്ള ലിങ്ക് ലഭിക്കും. പ്രീപെയ്ഡ് രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. മുന്‍കൂറായി തുക അടച്ച് ഓരോതവണയും ഉപയോഗിക്കുമ്ബോള്‍ അതില്‍ നിന്നും തുക കുറവ് ചെയ്യും. വൈദ്യുതി യൂണിറ്റിന് 9. 30 രൂപയാണ് ജിഎസ്ടി ഉള്‍പ്പെടെ തുക നിശ്ചയിച്ചിരിക്കുന്നത്. സ്കൂട്ടറോ ബൈക്കോ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 2. 4 യൂണിറ്റ് വൈദ്യുതിയും ഓട്ടോറിക്ഷകള്‍ക്കു നാലു മുതല്‍ ഏഴു യൂണിറ്റ് വരെ വൈദ്യുതിയും വേണ്ടിവരും.
previous post